കോഴിക്കോട്: അന്താരാഷ്ട്ര നീതീന്യായ കോടതിയുടെ ആജ്ഞ ധിക്കരിച്ചുകൊണ്ട് ഫലസ്തീനിലെ റഫയിൽ അഭയാർഥി തമ്പിന്മേൽ ബോംബ് വർഷിക്കുകയും കുഞ്ഞുങ്ങളും സ്ത്രീകളും വയോധികരുമടക്കം നിരവധി പേരെ ചുട്ടുകൊല്ലുകയും ചെയ്ത ഇസ്രായേൽ കൈരാതത്തിനെതിരെ ലോകസമൂഹത്തോടൊപ്പം നാമും ശക്തമായി പ്രതിഷേധിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി.
ആഗോളസമൂഹം നോക്കിനിൽക്കെ അമേരിക്ക നൽകുന്ന അതിമാരക ആയുധങ്ങളുപയോഗിച്ചാണ് സയണിസ്റ്റ് ഭരണകൂടം അതിക്രുരവും നിഷ്ഠൂരവുമായ കൂട്ടക്കുരുതി തുടരുന്നത്. ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ ലോക കോടതി പുറപ്പെടുവിച്ച ഉത്തരവിന് പൂല്ല് വില കൽപിക്കാതെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു റഫയിൽ അഭയം തേടിയ പത്ത്ലക്ഷം സിവിലിയന്മാർക്ക് നേരെ മിസൈലുകൾ തൊടുത്ത് വിടുന്നത്. ഈ കൊടുംപാതകത്തിന് ഇസ്രായേലിനൊപ്പം അമേരിക്കയടക്കമുള്ള വൻശക്തികളും ഉത്തരവാദികളാണ്. ലോകകോടതിയുടെ വാറൻറ് അനുസരിച്ച് എത്രയും പെട്ടെന്ന് നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് കുറ്റവിചാരണ നടത്തി ശിക്ഷിച്ചാലേ മനുഷ്യരാശിക്കെതിരായ ഇത്രയും ഭീകരമായ കുറ്റകൃത്യങ്ങൾക്ക് അറുതി ഉണ്ടാവൂ. റഫയിലെ കൂട്ടക്കൊല അബദ്ധത്തിൽ സംഭവിച്ചതാണെന്ന സയണിസ്റ്റ് നേതാവിൻ്റെ ഭാഷ്യം തനി കാപട്യമാണ്.
ആഗോളസമൂഹത്തിൻ്റെ വികാരം അശേഷം മാനിക്കാത്ത ഈ നരാധമൻ മനുഷ്യാവകാശങ്ങൾക്ക് വില കൽപിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ കൊള്ളാത്ത വ്യക്തിയാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു.