ബിരിയാണി കഴിച്ചതിന് പിന്നാലെ ഭഷ്യവിഷബാധ; ഒരാള്‍ ഐ സി യുവില്‍

Wayanad

കല്പറ്റ: ബിരിയാണി കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് ചാത്തമംഗലം വെള്ളന്നൂര്‍ വിരിപ്പിലിന് സമീപം ചെട്ടികടവ് മണ്ണില്‍ കോവിലകത്ത് രാജേഷ് (40), ഭാര്യ ഷിംന (36), മക്കളായ ആരാധ്യ (11), ആദിത് (11) എന്നിവര്‍ക്കാണ് വയനാട്ടിലെ വൈത്തിരിയിലെ റസ്റ്റോറന്റില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റത്.

രാജേഷും കുടുംബവും മീനങ്ങാടിയില്‍ പുതുതായി വാങ്ങിയ വീട് കാണാനായിരുന്നു വയനാട്ടിലെത്തിയത്. ഉച്ചയ്ക്ക് വൈത്തിരിയിലെ ഹോട്ടലില്‍ നിന്നും ബിരിയാണി കഴിച്ചാണ് മീനങ്ങാടിയിലേക്ക് പോയത്. വൈകുന്നേരം നാലു മണിയോടു കൂടി ആദ്യം ആരാധ്യക്ക് പനിയും തലവേദനയും വന്നു. പിന്നീട് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു. അല്പസമയത്തിനുശേഷം രാജേഷിനും ഷിംനയ്ക്കും മകനും വയറിളക്കവും ഛര്‍ദിയും ഉണ്ടായി. തുടര്‍ന്ന് ഇവര്‍ അമ്പലവയലിലെ ആശുപത്രിയില്‍ ചികിത്സ തേടി.

എന്നാല്‍ ഇന്നലെ രാവിലെ മകളുടെ ആരോഗ്യനില വീണ്ടും വഷളായതിനാല്‍ അമ്പലവയലിലെ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മണാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ആരാധ്യ ഐസിയുവില്‍ ചികിത്സ തുടരുകയാണ്. മറ്റു മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. വീട്ടുകാര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.