കോഴിക്കോട് : നീതി നിഷേധത്തെക്കുറിച്ച് സംസാരിച്ചാൽ മുസ്ലിം സമുദായത്തെ തീവ്രവാദ ചാപ്പകുത്തുന്നത് വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവർ അവസാനിപ്പിക്കണമെന്ന് കെ.എൻ എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡൻ്റ് ഡോ. ഇ.കെ അഹ്മദ് കുട്ടിയും ജന:സെക്രട്ടറി സി.പി ഉമർ സുല്ലമിയും പ്രസ്താവനയിൽ പറഞ്ഞു. ഈഴവ സമുദായത്തിൻ്റെ അവകാശങ്ങളെ സവർണ തമ്പുരാക്കൻമാർക്കു മുമ്പിൽ പണയം വെച്ച് സ്വാർത്ഥ താല്പര്യം സംരക്ഷിക്കുന്ന വെള്ളാപ്പള്ളി മുസ്ലിം സമുദായത്തിൻ്റെ അവകാശങ്ങൾക്കു നേരെ അധിക്ഷേപം നടത്തുന്നത് പരിഹാസ്യമാണ്.
മുസ്ലിം സമുദായത്തിനു നേരെ വ്യാജ ആരോപണങ്ങളുന്നയിച്ച് സമുദായങ്ങൾക്കിടക്ക് വർഗിയ ധ്രുവീകരണം നടത്തുന്ന വെള്ളാപ്പള്ളിയെ പോലുള്ള ഒരാളെ നവോത്ഥാന സംരക്ഷണ സമിതി ചെയർമാനായി നിലനിർത്തണമോയെന്ന് ഇടത് സർക്കാർ പുനരാലോചിക്കണം.
പ്രബുദ്ധ കേരളത്തിൽ സംഘ് പരിവാർ അക്കൗണ്ട് തുറന്ന സാഹചര്യത്തെക്കുറിച് മതേതര രാഷ്ട്രിയ നേതൃത്വങ്ങളുടെ ജാഗ്രതക്കുറവുണ്ടായെന്നും കെ.എൻ.എം മർകസുദ്ദഅവ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.