പരസ്യ പ്രസ്താവന: നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത താക്കീത് ചെയ്തു

Kerala

കോഴിക്കോട്: സമസ്ത യുവജന വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായിയെ താക്കീത് ചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കേന്ദ്ര മുശാവറയുടെ നിര്‍ദേശം ലംഘിച്ച് സ്വകാര്യ ചാനലുകള്‍ക്ക് മുന്‍പാകെ പരസ്യ പ്രസ്താവന നടത്തിയതിലാണ് നടപടി. സമസ്ത നേതാവ് ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി നടത്തിയ പരസ്യ പ്രതികരണത്തിലാണ് നടപടി. പോഷക സംഘടന നേതാക്കള്‍ സമസ്തയുടെ പേരില്‍ പ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനമാണെന്നും കത്തില്‍ സൂചിപ്പിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ഇടതു അനുകൂല നിലപാട് സ്വീകരിച്ച ഉമര്‍ ഫൈസിയെ വിമര്‍ശിച്ച് നാസര്‍ ഫൈസി പരസ്യ പ്രതികരണം നടത്തിയിരുന്നു. സമസ്തയുടെ നിലപാട് പറയേണ്ടത് സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാനെന്നും നാസര്‍ ഫൈസി പറഞ്ഞിരുന്നു.

ഇതിലാണ് നടപടി. ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നും സമസ്ത നേതാക്കളായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എം ടി അബ്ദുല്ല മുസ്‌ലിയാര്‍, പി പി ഉമര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു. ഇതിനുപുറമെ തിരഞ്ഞെടുപ്പിന് ശേഷം സി പി എമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് നാസര്‍ ഫൈസി പറഞ്ഞിരുന്നു. സമസ്തയിലെ ഒരു വിഭാഗത്തെ പിന്തുണച്ച് രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ സി പി എം നടത്തി. ഇത് സമുദായം തിരിച്ചറിഞ്ഞെന്നും നാസര്‍ ഫൈസി പറഞ്ഞിരുന്നു.

സമുദായത്തിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാന്‍ സി പി എം നടത്തിയ ശ്രമങ്ങളാണ് സംസ്ഥാനത്ത് ഇടതു പക്ഷത്തിന്റെ തകര്‍ച്ചക്ക് കാരണമായത്. സമസ്തയിലെ ഭിന്നതയില്‍ ഒരു വിഭാഗത്തിന്റെ ഒപ്പം നിന്ന സി പി എം കുറ്റം മുസ്ലിം ലീഗില്‍ ചാര്‍ത്താനും ശ്രമിച്ചു. സി പി എമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് തിരിച്ചറിഞ്ഞ ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കി. രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ സി പി എം നടത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.