തീറ്റയായി നല്‍കിയ പൊറോട്ട തിന്ന് അഞ്ച് പശുക്കള്‍ ചത്തു

Kollam

കൊല്ലം: തീറ്റയായി നല്‍കിയ പൊറോട്ട തിന്ന് അഞ്ച് പശുക്കള്‍ ചത്തു. കൊല്ലം വെളിനല്ലൂരിലാണ് സംഭവം. വട്ടപ്പാറ സ്വദേശി ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്.

പൊറോട്ടയും ചക്കയും ചേര്‍ത്ത തീറ്റയാണ് ഹസ്ബുള്ള പശുക്കള്‍ക്ക് നല്‍കിയത്. വൈകിട്ടോടെ പശുക്കള്‍ തീറ്റയെടുക്കാതാവുകയും അവശനിലയില്‍ കാണപ്പെടുകയുമായിരുന്നു. പിന്നാലെ ഓരോ പശുക്കളായി അഞ്ചെണ്ണം ചത്തു. ഒന്‍പതു പശുക്കള്‍ അവശ നിലയിലാണ്. ഇതോടെ ഇയാള്‍ മൃഗഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അമിതമായി പൊറോട്ട നല്‍കിയതാണ് മരണ കാരണമെന്ന് കണ്ടെത്തി. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അവശനിലയിലുള്ള മറ്റ് പശുക്കള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. പശുക്കളുടെ തീറ്റയെ കുറിച്ച് കര്‍ഷകര്‍ക്ക് അവബോധം നല്‍കുമെന്ന് ഫാം സന്ദര്‍ശിച്ച ശേഷം മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചു.