കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും തമിഴ്‌നാട്ടിലെ കായല്‍പട്ടണത്ത് പ്രവര്‍ത്തിക്കുന്ന കായല്‍പട്ടണം ചരിത്ര ഗവേഷണ കേന്ദ്രവും സംയുക്തമായി ”മഅ്ബര്‍-മലബാര്‍ കലാസംഗമം” എന്ന പേരില്‍ കായല്‍പട്ടണത്ത് മലബാറിലെ മാപ്പിള കലകളും, കായല്‍പട്ടണത്തെ കലകളും ഒരേ വേദിയില്‍ അവതരിപ്പിച്ചു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയെ പ്രതിനിധീകരിച്ച് സെക്രട്ടറി ബഷീര്‍ ചുങ്കത്തറയുടെ നേതൃത്വത്തില്‍ 19 അംഗ സംഘം പരിപാടിയില്‍ പങ്കെടുത്തു. അഷ്‌റഫ് മഞ്ചേരി, ഫസല്‍ കൊടുവള്ളി, ഷാജഹാന്‍ ചുങ്കത്തറ, മുഹ്‌സിന മമ്പാട്, ഷിഹാബ് കോട്ടക്കല്‍ എന്നിവരടങ്ങിയ ഗായക സംഘം മോയിന്‍കുട്ടി വൈദ്യരുടെയും പുലിക്കോട്ടില്‍ ഹൈദറിന്റെയും മാപ്പിളപ്പാട്ടുകള്‍ അവതരിപ്പിച്ചു. മുജീബ് പാടൂര്‍ നേതൃത്വം നല്‍കിയ കലാസംഘം മലബാറിലെ ദഫ് മുട്ട്, അറബന മുട്ട് തുടങ്ങിയവ അവതരിപ്പിച്ചു. കായല്‍പട്ടണം കലാസംഘം ദഫ് മുട്ട്, വര്‍ണ്ണക്കോല്‍ക്കളി എന്നിവയും അവതരിപ്പിച്ചു.
മന്‍സൂര്‍ നൈന എഴുതിയ ”ഹിസ്റ്ററി ഓഫ് നൈന മരക്കാര്‍, അണ്‍നോണ്‍ ഫാട്ക്റ്റ്‌സ്” എന്ന ഇംഗ്ലീഷ് പുസ്തകവും ആദ്യകാല തമിഴ് എഴുത്തുകാരന്‍ കണ്ണമുത്തു മഖ്ദൂം മുഹമ്മദ് പുലവരുടെ രചനകള്‍ സമാഹരിച്ചുകൊണ്ട് മുരളി അരൂപന്‍ എഡിറ്റ് ചെയ്ത ”സീറാ വാസന കാവ്യം” എന്ന തമിഴ് പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു. കെ.എ. മുഹമ്മദ് അബൂബക്കര്‍(എക്‌സ് എം.എല്‍.എ., തമിഴ്‌നാട്), സാലയ് ബഷീര്‍, അക്കാദമി വൈസ്‌ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, ജോ. സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, പി.എന്‍.എസ്. സുല്‍ത്താന്‍ ജമാലുദ്ദീന്‍, മന്‍സൂര്‍ നൈന എന്നിവര്‍ സംസാരിച്ചു.