കെ എസ് ആര്‍ ടി സി ബസുകള്‍ ഇനി മുതല്‍ വീട്ടുപടിക്കല്‍; ഫീഡല്‍ സര്‍വ്വീസുകള്‍ക്ക് തുടക്കമായി

Kerala News

നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസുകള്‍ വീട്ടുപടിക്കല്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിന് വേണ്ടിയാണ് നൂതനമായ ഫീഡര്‍ സര്‍വ്വീസുകള്‍ ആരംഭിച്ചതെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. നഗരത്തിലെ ഇടറോഡുകളില്‍ താമസിക്കുന്നവര്‍ക്കും റസിഡന്‍സ് ഏര്യകളില്‍ ഉള്ളവര്‍ക്കും കൃത്യമായ ഇടവേളകളില്‍ കുറഞ്ഞ ചെലവില്‍ ഫസ്റ്റ് മൈല്‍, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പ് വരുത്താന്‍ കഴിയാത്തതിനാല്‍ സ്‌റ്റേജ് കാര്യേജ് സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ യാത്രക്കാര്‍ കുറയുകയും ഇരുചക്ര വാഹനമടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ ക്രമാതീതമായി പെരുകുകയും ചെയ്യുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തില്‍, കോവിഡ് കാലഘട്ടത്തിന് ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായ അമിതമായ പെരുപ്പം റോഡുകളിലെ ഗതാഗതക്കുരുക്കും അപകടങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് ഒരു പരിഹാരമായാണ് കുറഞ്ഞ ചെലവില്‍ ഫസ്റ്റ് മൈല്‍, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്ന ഫീഡര്‍ സര്‍വ്വീസുകള്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ നടപ്പിലാക്കി വിജയിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന് അനുബന്ധമായാണ് സംസ്ഥാനത്തെ ആദ്യത്തെ കെ.എസ്.ആര്‍.ടി.സി ഫീഡര്‍ പേരൂര്‍ക്കടയില്‍ ആരംഭിച്ചത്.

സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നതിനേക്കാള്‍ ലാഭകരമാണ് പൊതുഗതാഗത സംവിധാനത്തിലെ യാത്ര. ഡീസല്‍ വിലവര്‍ദ്ധനവ്, സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില വര്‍ദ്ധനവ് എന്നിങ്ങനെ പ്രതികൂലമായ സമയത്ത് പോലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് വരുത്താതെ സര്‍വ്വീസ് നടത്താനാണ് സര്‍ക്കാരും കെഎസ്ആര്‍ടിസിയും ശ്രമിക്കുന്നത്. പൊതുഗതാഗത സംവിധാനമില്ലാത്ത അവസ്ഥ ചിന്തിക്കാനാകുമോ എന്നും മന്ത്രി ചോദിച്ചു. 24 മണിയ്ക്കൂറും പൊതുജനങ്ങള്‍ക്കായി സര്‍വ്വീസ് നടത്തുക, സൗജന്യ പാസുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എല്ലാം പൊതുഗതാഗതത്തിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. അങ്ങനെയൊരു സംവിധാനമില്ലായാതായാല്‍ സ്വകാര്യമേഖയില്‍ അമിത നിരക്ക് ഈടാക്കുന്ന അവസ്ഥ വരും. അത് കൊണ്ട് കേരളത്തിലെ ജനങ്ങള്‍ കെഎസ്ആര്‍ടിസിയെ വളര്‍ത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കെഎസ്ആര്‍ടിസിക്ക് പുതിയതായി ഇലക്ട്രിക് ബസുകള്‍ വരുമ്പോള്‍ ഫീഡര്‍ സര്‍വ്വീസുകളില്‍ കൂടെ ഇലക്ട്രിക് ബസുകള്‍ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

വട്ടിയൂര്‍ക്കാവ് എംഎല്‍എ അഡ്വ വി.കെ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് ഫീഡര്‍ സര്‍വ്വീസ് പദ്ധതി വിശദീകരിച്ചു. ട്രിഡ ചെയര്‍മാന്‍ കെ.സി വിക്രമന്‍ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ കോര്‍പ്പേറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജമീല ശ്രീധര്‍, കൗണ്‍സിലര്‍മാരായ നന്ദ ഭാര്‍ഗവ്, ഐ.എം പാര്‍വ്വതി, ജയചന്ദ്രന്‍നായര്‍, ദേവിമ പി.എസ്, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളായ സുധാകരന്‍ നായര്‍, സുധാകരക്കുറുപ്പ്, ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചീഫ് ട്രാഫിക് ഓഫീസര്‍ ജേക്കബ് സാം ലോപ്പസ് സ്വാഗതവും, മഠത്തുവിളാകം റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധി കെ.വി ബാബു നന്ദിയും പറഞ്ഞു.

ഇത്തരത്തില്‍ ഫീഡര്‍ സര്‍വ്വിസുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള റസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ച് ഈ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതാണ്. ഫീഡര്‍ സര്‍വ്വീസുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് ഫീഡര്‍ സര്‍വ്വീസുകളുടെ നോഡല്‍ ആഫീസറായ തിരുവനന്തപുരം സിറ്റി ക്ലസ്റ്റര്‍ ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ് ഈമെയില്‍ tcy@kerala.gov.in (tcy@kerala[dot]gov[dot]in)

Leave a Reply

Your email address will not be published. Required fields are marked *