കാക്കവയല്‍: വായനാവസന്തം തീർത്ത് ഹയർസെക്കൻഡറി ഒന്നാംവർഷ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. അധ്യാപകരുടെയും പിടിഎയുടെയും എൻഎസ്എസ് വളണ്ടിയർമാരുടെയും നേതൃത്വത്തിൽ മലയാളികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങൾ ഉൾപ്പെടെ പ്രശസ്ത സാഹിത്യകാരന്മാരുടെ മികച്ച പുസ്തകങ്ങൾ നൽകിക്കൊണ്ടാണ് ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ സ്കൂളിലേക്ക് വരവേറ്റത്. തുടർ പ്രവർത്തനമായി കുട്ടികൾ പുസ്തകങ്ങൾ വായിച്ച് തയ്യാറാക്കുന്ന സാഹിത്യ ആസ്വാദനക്കുറിപ്പുകൾ ഒന്നിച്ചു ചേർത്ത് വായനപ്പൂരം എന്ന പേരിൽ ഒരു പതിപ്പ് പ്രസിദ്ധീകരിക്കും.
എൻഎസ്എസ് വളണ്ടിയർമാരുടെ എൻഎസ്എസ് ഗീതവും സ്കൂളിന്റെ സവിശേഷതകൾ ഉൾക്കൊണ്ടുകൊണ്ടുള്ള സ്വാഗത ഗാനവും ചടങ്ങിന്റെ മുഖ്യ ആകർഷണമായിരുന്നു. പിടിഎ പ്രസിഡണ്ട് എൻ റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള പുസ്തക വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു.
പ്ലസ് വൺ ഉന്നത വിജയികളെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു ഉപഹാരങ്ങൾ നൽകി ആദരിച്ചു. സ്കൂൾ ലൈബ്രറിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “വായനക്കൂട്ടം ” പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മോഹനൻ നിർവഹിച്ചു.
എസ്എംസി ചെയർമാൻ റോയ് ചാക്കോ, എം പി ടി എ പ്രസിഡണ്ട് സുസിലി ചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ എം സുനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി റീന ജോസഫ് പി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പൽ ബിജു ടി എം സ്വാഗതവും ഇന്ദ്രൻ. കെ എൻ നന്ദിയും പറഞ്ഞു. ചടങ്ങിനു ശേഷം എല്ലാ വിദ്യാർത്ഥികൾക്കും പുസ്തകങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.