പിഞ്ചുകുഞ്ഞുങ്ങളെ പെരുമഴയിൽ നിർത്തി കെ എസ് യു സമരം, പൊലീസ് നിഷ്‌ക്രിയം; പ്രതിഷേധം വ്യാപകം

Kozhikode

കുറ്റ്യാടി: മലബാറിൽ പ്ലസ് ടു ബാച്ചുകൾ അനുവദിക്കാത്തതിന് എതിരെ ചൊവ്വാഴ്ച കുറ്റ്യാടിയിൽ കെ.എസ്.യു നടത്തിയ സമരം പിഞ്ചുകുഞ്ഞുങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായി മാറി. വഴിയോരം മുഴുവൻ എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ പെരുമഴയത്ത് സ്കൂൾ ബസ് കാത്തുകിടന്നു. എന്നാൽ രാവിലെത്തന്നെ സമരക്കാർ സ്കൂൾ ബസുകൾ കാമ്പസിൽ തടഞ്ഞിട്ടത്തിനാൽ സർവിസ് നടത്താനായില്ല. ഈ സമയം സമരക്കാർക്ക് നടുവിലൂടെ കുററ്യാടിയിലെയും പരിസരത്തെയും മറ്റെല്ലാ സ്‌കൂളുകളുടെയും ബസുകൾ വിദ്യാർത്ഥികളെയും വഹിച്ച് ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു. പൊലീസ് വെറും കാഴ്ചക്കാർ മാത്രമായി.

പ്ലസ് ടു ബാച്ചുകൾ അനുവദിക്കാത്തത് എം ഐ യു പി സ്കൂൾ എന്ന മട്ടിലായിരുന്നു ഒരു വിഭാഗം കെ.എസ്.യു _ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തനം. എൽകെജി മുതൽ യുപി വരെ പ്രവർത്തിക്കുന്ന വിദ്യാലയത്തിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം ഉൾപ്പെടെ തടഞ്ഞു. നിരവധി അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾ ഉൾപ്പെടെ പഠിക്കുന്ന സ്ഥാപനമാണ് കുറ്റ്യാടി എംഐയുപി സ്ക്കൂൾ. രാവിലെ സ്കൂളിൽ കുട്ടികളെ വിട്ട് ജോലിക്ക് പോകുന്നവർക്കും കെ എസ് യു സമരം തിരിച്ചടിയായി.

ഐഡിയൽ, കെ.ഇ.ടി, സിറാജ് ഉൾപ്പെടെ സ്വകാര്യ സ്ഥാപനങ്ങൾ കുറ്റ്യാടിയിൽ പ്രവർത്തിക്കുന്നുണ്ട്. അവരുടെ ബസുകൾ തടയാതെയും ഭക്ഷണപ്പുര പ്രവർത്തിക്കാൻ അനുവദിച്ചും ആയിരുന്നു കെ എസ് യു സമരം. ഇതിൽ രണ്ട് സ്വകാര്യ സ്കൂളുകൾ ഉച്ചയോടെ വിട്ടു. ഒരെണ്ണം വൈകുന്നേരം വരെ പ്രവർത്തിച്ചു. സമീപ പ്രദേശങ്ങളിലെ എയ്ഡഡ് വിദ്യാലയങ്ങളുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അവിടെ പോയി സമരം ചെയ്യാൻ അധ്വാനം കൂടുതലും അടികൊള്ളാൻ ഭയവും ഉള്ളതിനാലാണ് സമർക്കാർ കുറ്റ്യാടിയിൽ തന്നെ തമ്പടിക്കുന്നതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. എംഐയുപിക്ക് എതിരായ സമരത്തിൽ സജീവമായി പങ്കെടുത്ത ഒരു യൂത്ത് കോൺഗ്രസ് നേതാവ് അധ്യാപകനായ സ്കൂൾ വൈകുന്നേരം വരെ പ്രവർത്തിച്ചതും ചർച്ചയായി.

സ്‌കൂൾ തുറന്ന് ഒരു മാസം ആയില്ലെങ്കിലും മൂന്നാമത്തെ സമരമാണ് കുറ്റ്യാടി എം ഐ യു പി സ്കൂളിൽ നടക്കുന്നത്. സ്കൂളുകളിൽ പൂർണമായും സമരം ഹൈക്കോടതി ഇടപെട്ട് നിരോധിച്ചിരുന്നു. പിഞ്ചുകുഞ്ഞുങ്ങളെ വരെ മഴയത്ത് നിർത്തികൊണ്ടും ഭക്ഷണപ്പുര ഉപരോധിച്ചുകൊണ്ടുമുള്ള സമരത്തിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം വ്യാപകമാണ്.