പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു

India

ന്യൂദല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോണ്‍ഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്. സി ബി ഐ ഡയറക്ടര്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍, ചീഫ് വിജിലന്‍സ് കമ്മീഷണര്‍ തുടങ്ങിയ പ്രധാന ഉദ്യോഗസ്ഥരുടെ നിയമന നടപടികളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും ഇടപെടാന്‍ കഴിയും.

ഗാന്ധി കുടുംബത്തില്‍ പ്രതിപക്ഷ നേതാവാകുന്ന മൂന്നാമത്തെ അംഗമാണ് രാഹുല്‍ ഗാന്ധി. വി പി സിംഗ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന 1989-90 കാലത്ത് അദ്ദേഹത്തിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തിലിരുന്ന 1999-2004 കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ അമ്മയും മുന്‍ യു പി എ ചെയര്‍പേഴ്‌സണുമായ സോണിയ ഗാന്ധിയും ഈ സ്ഥാനം വഹിച്ചിരുന്നു.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ കാബിനറ്റ് മന്ത്രിയുടെ പദവി രാഹുലിന് ലഭിക്കും. പാര്‍ലമെന്റ് മന്ദിരത്തില്‍ ഒരു ഓഫീസും സ്റ്റാഫും ഉണ്ടാകും.