ക്ഷേമ പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് നടത്തി

Kozhikode

ആയഞ്ചേരി: ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് വേണ്ടി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ മെമ്പർ എ. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ മസ്റ്ററിങ്ങ് ക്യാമ്പ് നടത്തി. സാധാരണക്കാരായ പാവങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേർന്ന് മസ്റ്ററിങ്ങ് ചെയ്യാൻ ഏറെ തുക മുടക്കേണ്ടി വരും എന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ് മംഗലാട് പറമ്പിൽ ഗവൺമെൻ്റ് യു.പി യിൽ നടത്തിയത്. രാവിലെ 8 മണി മുതൽ ആരംഭിച്ച ക്യാമ്പ് വിവിധ വാർഡുകളിലെ പെൻഷൻ ഗുണഭോക്താക്കളും ഉപയോഗപ്പെടുത്തി. അടുത്ത ദിവസങ്ങളിൽ കിടപ്പിലായവരുടെ വീടുകളിലെത്തി മസ്റ്ററിങ്ങ് പൂർത്തിയാക്കും.

നിലവിലെ സാഹചര്യത്തിൽ ക്ഷേമ പെൻഷനുകൾ ലഭിക്കാൻ ഗുണഭോക്താക്കൾ ബുദ്ധിമുട്ടുകയാണ്. മാസങ്ങൾക്ക് മുമ്പാണ് ക്യാമ്പിലൂടെയും കിടപ്പിലായവരുടെ വീടുകളിലെത്തിയും മസ്റ്ററിങ്ങ് പൂർത്തിയാക്കിയത്. മഴക്കാലത്തുള്ള ഇത്തരം പ്രവർത്തികളിൽ ജനപ്രതിനിധികൾക്കും ക്ഷേമ പെൻഷൻ വാങ്ങുന്നവർക്കും വല്ലാത്ത തലവേദനയാണ് ഉണ്ടാക്കുന്നത്.

മസ്റ്ററിങ്ങ്, വരുമാന സർട്ടിഫിക്കറ്റ് നൽകൽ, പുനർ വിവാഹിതയല്ല എന്ന ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ് നൽകൽ, ആധാർ കോപ്പി പഞ്ചായത്തിൽ എത്തിക്കൽ തുടങ്ങി 1600 രൂപ ലഭിക്കാൻ വാർദ്ധക്യ സഹജമായവർ വല്ലാതെ കഷ്ടപ്പെടുകയും , വേവലാതിപ്പെടുകയും ചെയ്യുന്നുണ്ട്. സായന്തനത്തിലെ ദുരിതം അവസാനിപ്പിച്ച് ജീവിതം സന്തോഷകരമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരാതി നൽകുമെന്ന് മെമ്പർ പറഞ്ഞു.

പനയുള്ളതിൽ അമ്മത് ഹാജി, കുളങ്ങരത്ത് നാരായണക്കുറുപ്പ് , ആയഞ്ചേരി അക്ഷയ ഉടമ സിമ്മിഫിലിപ്പ്, എൻ.എസ് കാർമുകിൽ തുടങ്ങിയവർ നേതൃത്വം നൽകി.