കോഴിക്കോട്: മുന്നറിയിപ്പില്ലാതെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ പെട്ടെന്ന് റദ്ദു ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സില്‍ ചേര്‍ന്ന കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെട്ടെന്നുള്ള സര്‍വീസ് റദ്ദാക്കല്‍ വിദേശമലയാളികളുടെ ജോലിയെ അടക്കം ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തുന്നത് ഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ഇക്കാര്യത്തിലും കരിപ്പൂരില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകളുടെ എണ്ണം കൂട്ടണമെന്നഭ്യര്‍ഥിക്കുവാനുമായി കമ്മിറ്റി ഭാരവാഹികള്‍ എയര്‍ ഇന്ത്യയുടെ അധികാരികളെ നേരില്‍ കണ്ടു സംസാരിക്കുവാനും നിവേദനം നല്കുവാനും തീരുമാനിച്ചു.
കരിപ്പൂരില്‍ നിന്നും ആഭ്യന്തര സര്‍വീസ് നടത്തുന്ന മറ്റു സ്വകാര്യ എയര്‍ ലൈനുകളുടെ റീജ്യണല്‍ അധികാരികളെയും കണ്ട് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുവാന്‍ സമ്മര്‍ദം ചെലുത്തുവാനും യോഗം തീരുമാനിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ നിര്‍ദ്ദിഷ്ട ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുമായി ബന്ധപ്പെടുത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ത്വരിതപ്പെടുത്തണമെന്നും യോഗം കേന്ദ്രസംസ്ഥാന അധികാരികളോടാവശ്യപ്പെട്ടു.
യോഗത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ അലോക് കുമാര്‍ സാബു അധ്യക്ഷത വഹിച്ചു, ചേംബര്‍ പ്രസിഡന്റ് മെഹബൂബ് സ്വാഗതവും, സെക്രട്ടറി അരുണ്‍ കുമാര്‍ നന്ദിയും രേഖപ്പെടുത്തി. നിത്യാനന്ദ കാമത്ത്, അഡ്വ അനൂപ് നാരായണന്‍, അഡ്വ തോമസ് മാത്യു, പുത്തൂര്‍മഠം ചന്ദ്രന്‍, അഡ്വ രാജന്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.