ഇന്ത്യൻ യുവാക്കളിൽ രക്താതി സമ്മർദ്ദം വർധിക്കുന്നത് ഗൗരവമായി കാണണം: ഐ എം എ സെമിനാർ

Kannur

കണ്ണൂർ: ഐസിഎംആറിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം യുവാക്കളിൽ രക്താതിസമ്മർദ്ദം ക്രമാതീതമായി വർദ്ധിച്ചു വരികയും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് കണ്ണൂരിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. കണ്ണൂർ ഐഎംഎ ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ വിനോദ് കൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു. ഐഎംഎ പ്രസിഡണ്ട് ഡോ നിർമ്മൽ രാജ് അധ്യക്ഷനായിരുന്നു.

ഐ സി എം ആറിന്റെ പഠനപ്രകാരം ഇന്ത്യൻ ജനതയുടെ 35 ശതമാനത്തിലധികം ആളുകൾക്ക് രക്താതിസമ്മർദ്ദമുണ്ട്. ഇതിൽ വളരെ കുറച്ചു പേർ മാത്രമേ അത് നേരത്തെ കണ്ടെത്തുകയും, കൃത്യമായി നിയന്ത്രിക്കുകയോ, ഗുരുതരം ആകാതെ ശ്രദ്ധിക്കുകയോ ചെയ്യുന്നുള്ളൂ. പട്ടണങ്ങളിൽ ജീവിക്കുന്നവരിലാണ് ഗ്രാമങ്ങളിൽ ജീവിക്കുന്നതിനേക്കാൾ കൂടുതൽ രക്തസമ്മർദ്ദം കണ്ടുവരുന്നത്. ജീവിതശൈലി വ്യതിയാനമാണ് യുവാക്കളിലെ രക്താതിസമ്മർദ്ദത്തിനു ഉള്ള പ്രധാന കാരണം. ഗുണപരമായ ജീവിതശൈലി മാറ്റം വഴി രക്താതിസമ്മർദ്ദം പ്രതിരോധിക്കാനാവും.

കൃത്യമായ ഇടവേളകളിൽ ഡോക്ടർമാരെ കണ്ടു നിർദ്ദേശിക്കുന്ന ചികിത്സ എടുക്കണം. മസ്തിഷ്കാഘാതം, ഹൃദ്രോഗം, വൃക്ക തകരാർ എന്നിവക്കുള്ള മൂലകാരണം രക്താതി സമ്മർദ്ദവും പ്രമേഹവുമാണ്. കാര്യമായ ലക്ഷണങ്ങളൊന്നും ഇല്ലാതെയാണ് ചെറുപ്പക്കാരിൽ രക്താതിസമ്മർദ്ദം തുടങ്ങുന്നത് എന്നതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ സ്ക്രീനിംഗ് പരിശോധനകൾ അത്യാവശ്യമാണ്.

സാമൂഹ്യമാധ്യമങ്ങളിലൂടെ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന രോഗമാണ് ബ്ലഡ് പ്രഷർ. ശരാശരി രക്തസമ്മർദ്ദത്തിന് ഉയർന്ന നിരക്ക് കൂട്ടിയിട്ടുണ്ട് എന്നും ഇനി മരുന്ന് കഴിക്കേണ്ടത് ഇല്ല തുടങ്ങിയ കുപ്രചരണങ്ങൾ മുതൽ മരുന്നില്ലാത്ത ചികിത്സയും മാന്ത്രിക ചികിത്സയും അടക്കമുള്ള കള്ളങ്ങൾ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. നേരത്തെ കണ്ടെത്തുകയും ജീവിതശൈലി മാറ്റത്തിലൂടെ ഈ രോഗം നിയന്ത്രിക്കാൻ ആവുന്നതാണ്. അതിനു സാധിക്കാത്ത പക്ഷം കൃത്യമായ മരുന്നു ചികിത്സ ആരംഭിക്കണം. കൂടിയ ബ്ലഡ് പ്രഷർ ഹൃദയത്തെയും വൃക്കയേയും തലച്ചോറിനെയും വരെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും എന്ന സെമിനാർ അഭിപ്രായപ്പെട്ടു.

ഡോ മുഹമ്മദലി, ഡോ ബാലകൃഷ്ണ പൊതുവാൾ, ഡോ സുൽഫിക്കർ അലി, ഡോ പി കെ ഗംഗാധരൻ, ഡോ സി നരേന്ദ്രൻ, എ കെ ജയചന്ദ്രൻ, ഡോ വി സുരേഷ്, ഡോ രാജ് മോഹൻ, ഡോ രാധിക, ഡോ അശോകൻ, ഡോ എ എ ബഷീർ, ഡോ അർജുൻ ജിത്ത്, ഡോ ഹരിനാഥ് സാഗർ, ഡോ എം സി ജയറാം, ഡോ മനു മാത്യുസ്, ഡോ മുഷ്താഖ് പ്രസംഗിച്ചു