കല്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിച്ച് കോണ്‍ഗ്രസ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം ഇടങ്ങളിലും വിജയം കൈവരിക്കുകയാണ് ലക്ഷ്യം. മിന്നും ജയം ലക്ഷ്യമാക്കി മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമിടാനുള്ള തന്ത്രങ്ങള്‍ വയനാട്ടില്‍ നടന്ന കെ പി സി സി ക്യാമ്പില്‍ രൂപം നല്കി.
സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ നേരിട്ട് നിര്‍വഹിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് നല്‍കിയിരിക്കുന്നത്. സംഘടന ചിട്ടയായ പ്രവര്‍ത്തനം നടത്തിയാല്‍ മികച്ച വിജയവും ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണവും നേടാന്‍ കഴിയും. ഇതിനായുള്ള പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ പൊതുവെ ഉണ്ടായത്.
കെ പി സി സി പ്രസിഡന്റ് കെ സുധാകരന് കണ്ണൂര്‍ നഗരസഭയുടെ ചുമതല നേരിട്ട് നിര്‍വഹിക്കും. എറണാകുളം നഗരസഭയുടെ ചുമതല പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോഴിക്കോട് കോര്‍പ്പറേഷന്റെ നേരിട്ടുള്ള ചുമതല കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയും ഏറ്റെടുക്കും. തൃശൂര്‍ എ ഐ സി സി സെക്രട്ടറി റോജി എം ജോണിനും കൊല്ലം മുന്‍ മന്ത്രി വി എസ് ശിവകുമാറിനും തിരുവനന്തപുരം പി സി വിഷ്ണുനാഥും ചുമതല വഹിക്കും.
കൂടാടെ ജില്ലകളെ മൂന്ന് മേഖലകളായി വിഭജിച്ച് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മേഖലയുടെ ചുമതല കൊടിക്കുന്നില്‍ സുരേഷ് എം പിക്കും എറണാകുളം മേഖലയുടേത് ടി എന്‍ പ്രതാപനും കോഴിക്കോട് മേഖലയുടേത് ടി സിദ്ധിഖ് എം എല്‍ എയ്ക്കുമാണ് നല്‍കിയിരിക്കുന്നത്.
കൂടാതെ ജില്ലകളുടെ സംഘടന ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമെ ജില്ലാതല മേല്‍നോട്ട ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കൊല്ലം അടൂര്‍ പ്രകാശ്, പത്തനംതിട്ട ഷാനിമോള്‍ ഉസ്മാന്, ആലപ്പുഴ മുന്‍മന്ത്രി കെ സി ജോസഫ്, കോട്ടയം ബെന്നി ബെഹനാന്, ഇടുക്കി ജോസഫ് വാഴയ്ക്കന്, എറണാകുളം ആന്റോ ആന്റണി, തൃശൂര്‍ എ പി അനില്‍കുമാര്‍, പാലക്കാട് ടി എന്‍ പ്രതാപന്, മലപ്പുറം എം കെ രാഘവന്, കോഴിക്കോട് രാജ്മോഹന്‍ ഉണ്ണിത്താന്, വയനാട് സണ്ണി ജോസഫ്, കണ്ണൂര്‍ ടി സിദ്ധിഖ്, കാസര്‍കോട് ഷാഫി പറമ്പില്‍ എന്നിവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.
പ്രദേശികതലത്തിലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളെ തുറന്നുകാട്ടിയും ശക്തമായ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജനത്തിനെതിരെ വി കെ ശ്രീകണ്ഠന് എം പി പ്രമേയം അവതരിപ്പിച്ചു.
പാലക്കാട് ഡിവിഷനെ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത് ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് തുരങ്കം വയ്ക്കുന്ന ഈ നടപടിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെങ്കില്‍ യുഡിഎഫ് എംപിമാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ പി സി സി ക്യാമ്പ് എക്സിക്യൂട്ടീവ് അദ്ദേഹത്തെ അനുസ്മരിച്ചു. അനുസ്മരണ പ്രസംഗം യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന് നടത്തി. മഴക്കെടുതിയിലും വന്യജീവി ആക്രമണത്തിലും മരിച്ചവര്‍ക്ക് യോഗം ആദരാജ്ഞലി അര്‍പ്പിച്ചു.
മഴക്കെടുതി മൂലം ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മഴക്കാലപൂര്‍വ്വ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി പരാജയപ്പെട്ടതാണ് ജനങ്ങള്‍ക്ക് ഇത്രയും വലിയ ദുരിതം ഉണ്ടാകാന്‍ കാരണമെന്നും ക്യാമ്പ് വിലയിരുത്തി.
കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി കെ പി സി സി ക്യാമ്പ് എക്സിക്യൂട്ടീവിന്റെ ഉപസംഹാര പ്രസംഗം നടത്തി. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍ എംപി, ദീപദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, എ ഐ സി സി സെക്രട്ടറിമാരായ വിശ്വനാഥ പെരുമാള്‍, പി വി മോഹന്‍ എന്നിവര്‍ സംസാരിച്ചു.