എം പി മുസ്തഫല്‍ ഫൈസി കാലത്തിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ ചിന്തകന്‍: മന്ത്രി വി. അബ്ദുറഹിമാന്‍

Malappuram

കൊണ്ടോട്ടി: കാലത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ ചിന്തകനാണ് എം.പി. മുസ്തഫല്‍ ഫൈസിയെന്ന് മന്ത്രി. വി. അബ്ദുറഹിമാന്‍ അഭിപ്രായപ്പെട്ടു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി നല്‍കിയ ആദരപുരസ്‌കാരം മുസ്തഫല്‍ ഫൈസിക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്ലാമാ ഇഖ്ബാല്‍ ജീവിത കാലത്ത് നിര്‍വ്വഹിച്ച ദൗത്യം തന്റെ കാലത്ത് നിറവേറ്റിയ ഇസ്‌ലാമിക ചിന്തകനെന്ന് മുസ്തഫല്‍ ഫൈസിയെന്ന് വിശേഷിപ്പിക്കാന്‍ കഴിയുമെന്ന് എ.പി. അഹമ്മദ് തന്റെ പരിചയപ്പെടുത്തല്‍ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.

ടി.വി. ഇബ്രാഹിം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ടി.കെ. ഹംസ മുഖ്യപ്രഭാഷണം നടത്തി. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, മുസ്തഫ മുണ്ടുപാറ, ബഷീര്‍ ഫൈസി ദേശമംഗലം, ടി.കെ. അലി അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. എം.പി. മുസ്തഫല്‍ ഫൈസി മറുമൊഴി പ്രസംഗം നടത്തി. ഇരുപതിലേറെ കൃതികളുടെ കര്‍ത്താവായ മുസ്തഫല്‍ ഫൈസി അദ്ദേഹത്തിന്റെ എല്ലാ കൃതികളുടെയും കോപ്പികള്‍ അക്കാദമി ഗവേഷണ ഗ്രന്ഥാലയത്തിന് നല്‍കി.