വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണം: ഐ എൻ എൽ

Kozhikode

കോഴിക്കോട്: വഖഫ് ബോർഡുകളെ നോക്കുകുത്തികളാക്കി നിർത്തി, ശതകോടികളുടെ വഖഫ് സ്വത്തുകൾ കൈവശപ്പെടുത്താനുള്ള മോദി സർക്കാറിന്റെ കുടില നീക്കത്തെ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി.
ഈ വഴിക്കുളള സംഘ്പരിവാറിന്റെ ഒളിയജണ്ടക്ക് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടും നിർദിഷ്ട നിയമ ഭേദഗതിയുടെ വിശദാംശങ്ങൾ പുറത്തുവിടാതിരിക്കുന്നത് തന്നെ ദുഷ്ടലാക്കോടെയാണ്.

നിലവിലെ കേന്ദ്ര വഖഫ് നിയമത്തിന്റെ അലകും പിടിയും മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതത്രെ. വഖഫ് ആക്ടിലെ 9മുതൽ 14വരെയുള്ള വകുപ്പുകളിൽ
ഭേദഗതി കൊണ്ടുവന്ന് ,ദൈവിക മാർഗത്തിൽ സമർപ്പിക്കപ്പെട്ട നിത്യദാനമായ വഖഫ് സ്വത്തുകളുടെമേൽ പിടിമുറുക്കാനാണ് ഗവൺമെന്റിന്റെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഡൽഹിയിൽ മാത്രം123 വഖഫ് സ്വത്തുക്കൾ അക്വയർ ചെയ്യാൻ ഹിന്ദുത്വ സർക്കാർ നീക്കമാരംഭിച്ചതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

1954ലെ വഖഫ് നിയമം, 1995ലും 2013ലും ഭേദഗതി ചെയ്തത് വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുന്നത് തടയാനും അവയുടെ പരിപാലനം ഉറപ്പാക്കാനുമാണ്. വഖഫ് ചെയ്യപ്പെടുന്ന സ്വത്തുകൾ എന്താവശ്യത്തിന് പ്രയോജനപ്പെടുത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം ‘വാഖിഫിന്’ (വഖഫ് ചെയ്യുന്ന ആൾ)
ആണെന്നിരിക്കെ സർക്കാർ ബിനാമികളെ ബോർഡിൽ കുത്തിത്തിരുകി അതുവഴി നിയന്ത്രണം പിടിച്ചെടുക്കാനുള്ള നീക്കം മോദിസർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ അജണ്ടയുടെ ഭാഗമാണ്. വഖഫുകളെ ആർ.എസ്.എസ് എക്കാലവും അസൂയയോടും
അസഹിഷ്ണുതയോടെയുമാണ് നോക്കിക്കണ്ടിരുന്നത്

ഒക്ടോബറിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും ജാർക്കണ്ഡിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള വിഭജന രാഷ്ട്രീയമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും അതിനെ മതേതര കക്ഷികൾ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കണമെന്നും പാർട്ടി സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.