ചൂരൽമല ദുരന്തം, അടിയന്തിര ധനസഹായം 2 ലക്ഷം രൂപയായി വർദ്ധിപ്പിക്കണം: യു ഡി എഫ്

Wayanad

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ ദുരിതമനുഭവിക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ പതിനായിരം രൂപ എന്നത് 2 ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്ന് യു ഡി എഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ച് സ്വരുക്കൂട്ടിയതും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും അഭയം തേടിയ ഹതഭാഗ്യരെ ശരിയാം വിധം പരിഗണിക്കാത്ത സമീപനമാണ് ധനസഹായം 10000 രൂപയിൽ നിജപ്പെടുത്തിയ സർക്കാർ തീരുമാനം. ദുരിതം കഴിഞ്ഞ് 12 ദിവസം പിന്നിടുമ്പോഴാണ് സർക്കാർ അടിയന്തര ധനസഹായ തീരുമാനമെടുക്കുന്നത് എന്നത് തന്നെ ഖേദകരമാണ്. ദുരിതബാധിതരുടെ നിലവിലെ എല്ലാ വായ്പകളും എഴുതിത്തള്ളുന്നതിനുള്ള നടപടികൾ അടിയന്തരമായി സർക്കാർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം ചെയർമാൻ ടി ഹംസ അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ധിഖ്‌ എം എൽ എ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ പി പി ആലി, അഡ്വക്കറ്റ് ടി ജെ ഐസക്, വി എ മജീദ്, സലിം മേമന, എം എ ജോസഫ്, ബി സുരേഷ് ബാബു, ബിനു തോമസ്, അബൂബക്കർ സിദ്ദീഖ്, നജീബ് കരണി, പോൾസൺ കൂവയ്ക്കൽ, പി കെ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.