തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ ഏഴു ദിവസം സമരം: ആര്‍ ചന്ദ്രശേഖരന്‍

Wayanad

കല്പറ്റ: കേരളത്തിലെ തൊഴില്‍ മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഏഴ് തൊഴില്‍ മേഖലകളിലെ തൊഴിലാളികളെ അണി നിരത്തിക്കൊണ്ട് ഏഴുദിവസം സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരം നടത്തണമെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. നിര്‍മ്മാണ മേഖല, തൊഴിലുറപ്പ് മേഖല, പൊതുമേഖല, പ്ലാന്റേഷന്‍, മോട്ടോര്‍, ലോഡിങ്, പരമ്പരാഗത മേഖലകളെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഓരോ മേഖലയിലെയും വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആ മേഖലയിലെ തൊഴിലാളികളെ അണിനിരത്തിയാണ് ഓരോ ദിവസവും സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം സംഘടിപ്പിക്കുന്നത്.

വന്യമൃഗശല്യത്തില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കാനും തൊഴിലിടങ്ങളില്‍ ഭീതിയില്ലാതെ തൊഴില്‍ ചെയ്യാനുള്ള സാഹചര്യമൊരുക്കാനും ഗവണ്‍മെന്റ് അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. മെയ് നാലിന് സെക്രട്ടറിയേറ്റിനു മുന്‍പില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഉപരോധ സമരം വിജയിപ്പിക്കാന്‍ തൊഴിലാളികള്‍ രംഗത്തിറങ്ങണമെന്നും കേരള ഐ എന്‍ ടി യു സി 25000 തൊഴിലാളികളെ സമരത്തില്‍ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്പറ്റയില്‍ നടന്ന ഐ എന്‍ ടി യു സി സമ്പൂര്‍ണ്ണ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ ചന്ദ്രശേഖരന്‍.

വന്യമൃഗ ശല്യത്തിനു ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആരോഗ്യ രംഗത്തെ അനാസ്ഥ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും ഫെബ്രുവരി പതിനഞ്ചിന് കല്പറ്റ കളക്ടറേറ്റ്, മാനന്തവാടി ആര്‍ ഡി ഒ ഓഫീസ്, ബത്തേരി മിനി സിവില്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് മൂന്ന് താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. ജനുവരി 25ന് ലോഡിങ് മേഖലയിലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചുമട്ട് തൊഴിലാളികളുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. എം പി പത്മനാഭന്‍, ബി സുരേഷ് ബാബു, ടി എ റെജി, സി പി വര്‍ഗീസ്, സി ജയപ്രസാദ്, പി എന്‍ ശിവന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, ജോര്‍ജ് പടക്കൂട്ടില്‍, ഉമ്മര്‍ കുണ്ടാട്ടില്‍, കെ എം വര്‍ഗീസ്, ഗിരീഷ് കല്പറ്റ, നജീബ് പിണങ്ങോട,് ശ്രീനിവാസന്‍ തൊവരിമല, ഒ ഭാസ്‌കരന്‍, ജിനി തോമസ് കെ അജിത, താരിഖ് കടവന്‍, അരുണ്‍ ദേവ്, കെ കെ രാജേന്ദ്രന്‍, ഹര്‍ഷല്‍ കോണാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

1 thought on “തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ ഏഴു ദിവസം സമരം: ആര്‍ ചന്ദ്രശേഖരന്‍

Leave a Reply

Your email address will not be published. Required fields are marked *