കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഗൂഢാലോചന അന്വേഷിച്ചാൽ സി.പി.എം നേതാക്കൾ പ്രതികളാവും: പി.കെ ഫിറോസ്

Kozhikode

കോഴിക്കോട് : എം.എസ്.എഫ് നേതാവ് കാസിമിൻ്റെ പേരിൽ വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ ഗൂഢാലോചന അന്വേഷിച്ചാൽ സി.പി.എം നേതാക്കൾ പ്രതികളാവുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മുസ്‌ലിം ലീഗ് പാർട്ടിയുടെ നിരന്തരമായ നിയമ പോരാട്ടത്തിനൊടുവിൽ ഗത്യന്തരമില്ലാതെ പൊലീസ് ഏതാനും സി.പി.എം പ്രവർത്തകരുടെ പേര് മാത്രം കോടതിയിൽ സമർപ്പിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.

ആദ്യം ഈ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തത് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡണ്ട് റിബേഷ് ആണെന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാൽ റിബേഷ് ഒറ്റക്കാണ് ഇത് നിർമ്മിച്ചെതെന്ന് വിശ്വസിക്കാനാവില്ല. കാരണം മുഹമ്മദ് കാസിമിൻ്റെ പേരിലാണ് വ്യാജ സ്ക്രീൻ ഷോട്ട് തയ്യാറാക്കിയത്. എന്നാൽ കാസിമും റിബേഷും തമ്മിൽ മുൻ പരിചയമോ നാട്ടുകാരോ അല്ലെന്നിരിക്കെ ഇതിന് പിന്നിൽ മറ്റ് ആളുകളുടെ പങ്ക് ഉണ്ടെന്നുറപ്പാണ്. മാത്രവുമല്ല മിനുറ്റുകൾക്കുള്ളിൽ സി.പി.എം നേതാക്കളും മുൻ എം.എൽ.എ കെ.കെ ലതികയും സി.പി.എം സൈബർ പോരാളികളും ഇത് വ്യാപകമായ രീതിയിൽ പ്രചരിപ്പിച്ചിട്ടുണ്ട്. ഇതിനാൽ പാർട്ടിയുടെ അറിവോട് കൂടിയാണ് ഈ വ്യാജ സ്ക്രീൻ ഷോട്ട് നിർമ്മിച്ചതെന്ന് വ്യക്തമാണെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

എന്നാൽ ഈ നിമിഷം വരെ റിബേഷിനെതിരെയോ സി.പി.എം സോഷ്യൽ മീഡിയ അഡ്മിൻമാർക്കെതിരെയോ 153 (A) പ്രകാരമോ വ്യാജ രേഖ ചമച്ചതിനോ പൊലീസ് കുറ്റം ചുമത്തിയിട്ടില്ല. സി.പി.എം നേതാക്കളുടെ ഒത്താശയോട് കൂടെ പൊലീസ് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് കണ്ട് കൊണ്ടിരിക്കുന്നത്. മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നത് വരെ നിയമപോരാട്ടത്തിനും രാഷ്ട്രീയ പോരാട്ടത്തിനും യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.