ഗവ. യു പി എസ് മഞ്ചവിളാകം സ്വാതന്ത്ര്യദിനം സമുചിതം ആഘോഷിച്ചു

Thiruvananthapuram

തിരുവനന്തപുരം: പ്രഥമാധ്യാപകൻ എം.എസ് പ്രശാന്തിൻ്റെയും മുഖ്യാതിഥി ഗോപകുമാറിന്റെയും സാന്നിധ്യത്തിൽ SMC ചെയർമാൻ എസ്.വി. സന്തോഷ് കുമാർ പതാക ഉയർത്തി. തുടർന്ന് മുഖ്യാതിഥിയായ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ഗോപകുമാർ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിനസന്ദേശം നൽകി.

സ്വാതന്ത്ര്യത്തിന്റെ പ്രസക്തി എത്രമാത്രമാണെന്നും, അത് നിലനിർത്തുന്നതിൽ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും പങ്ക് എന്താണെന്നും ചുരുങ്ങിയ വാക്കുകളിൽ മനോഹരമായി അദ്ദേഹം പറഞ്ഞു. തുടർന്നു നടന്ന സ്വാതന്ത്ര്യ ദിന റാലി സമകാലിക പ്രസക്തിയുള്ളതായി..നഷ്ടമായ സ്വാതന്ത്ര്യം തിരികെ ലഭിച്ചതിൽ ധീര ദേശാഭിമാനികൾക്കുള്ള പങ്ക് വിളിച്ചുപറഞ്ഞുകൊണ്ട് കുട്ടികൾ വിവിധ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങളിൽ എത്തി.

സ്വാതന്ത്ര്യം എന്നത് വരും തലമുറയ്ക്ക് കൂടെ കാത്തു വയ്ക്കേണ്ടതാണെന്ന സന്ദേശവും സമൂഹത്തിന് റാലി പകർന്നു നൽകി. വയനാട് ദുരന്തം ഉൾപ്പെടെയുള്ള കാര്യങ്ങളെ ഓർമിപ്പിച്ചുകൊണ്ട് പ്രകൃതി സംരക്ഷിക്കേണ്ടതിന്റെ പ്രസക്തിയും റാലിയിൽ വിഷയമായി.

മുദ്രാഗീതങ്ങൾ പാടിയും,നമ്മുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിൽ നമ്മൾ പ്രതിജ്ഞാബദ്ധരാണെന്ന് ഉറക്കെ പറഞ്ഞും കുരുന്നുകൾ റാലിയെ ആർജ്ജവമുള്ളതാക്കി.
വാർഡ് മെമ്പർ ബിന്ദുവും ജനപ്രതിനിധികളും രക്ഷകർത്താക്കളും നാട്ടുകാരും അധ്യാപകരും കുട്ടികളുടെ മനോഹരമായ ഈ റാലിക്ക് മികച്ച പിന്തുണ നൽകി.
സ്വാതന്ത്ര്യദിന റാലിക്ക് ശേഷം തിരികെ എത്തിയ കുട്ടികൾക്ക് വിദ്യാലയത്തിൽ നിന്നും പായസം വിതരണം ചെയ്തു. സ്വാതന്ത്ര്യം എന്നത് മാധുര്യവും ആണെന്ന സത്യം കുട്ടികളുടെ പുഞ്ചിരിയിൽ തെളിയുന്നുണ്ടായിരുന്നു.