ശാസ്ത്ര കുതുകികളുടെ സംഗമ വേദിയായി ടാഗോർ തിയേറ്റർ

Thiruvananthapuram

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കൻ ശാസ്ത്രപ്രവർത്തക ഡോ.നതാലിയ ദിനാത് മുതൽ ശാസ്ത്ര കൗതുകങ്ങളെ ഉറ്റുനോക്കുന്ന കൊച്ചു കുട്ടികൾ വരെ ഉൾപ്പെടുന്ന സംഗമ വേദിയാവുകയാണ് ടാഗോർ തിയേറ്റർ. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിലെ ക്ഷണിക്കപ്പെട്ട അതിഥിയാണ് ഇൻ്റർനാഷണൽ യൂണിയൻ ഓഫ് സയൻ്റിസ്റ്റ്സ് ഓർഗനൈസിംഗ് കമ്മിറ്റിയംഗമായ ഡോ.നതാലിയ.

യുദ്ധവും ശാസ്ത്രസാങ്കേതിക വിദ്യയുടെ ദുരുപയോഗവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രധാന പ്രഭാഷകയായിരുന്നു അവർ. യുദ്ധരംഗത്ത് മാത്രമല്ല എല്ലാവിധ നശീകരണ പ്രവർത്തനങ്ങളിലും ശാസ്ത്ര സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപകമാണ്. ഭക്ഷ്യോത്പാദനം, ഊർജ്ജോല്പാദനം തുടങ്ങി വംശീയത ഉൾപ്പെടെയുള്ള സാമൂഹ്യ തിന്മകളെ ന്യായീകരിക്കുന്നതിൽ വരെ നമുക്കിത് കാണാൻ കഴിയും. ശാസ്ത്ര ഗവേഷണ രംഗങ്ങളിൽ ഇടപെടുന്ന മുഴുവൻ മനുഷ്യരും നൈതികതയ്ക്കായി നിലപാടെടുക്കുകയും പ്രാദേശിക ദേശീയ അന്തർദേശീയ തലങ്ങളിൽ യുദ്ധവിരുദ്ധ പ്രസ്ഥാനം ശക്തിപ്പെടുകയും ചെയ്താൽ മാത്രമേ ഇതിനെ തടയാൻ സാധിക്കുകയുള്ളൂ എന്ന് അവർ പറഞ്ഞു.

സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളോടും പ്രദർശനം കാണനെത്തിയ കുട്ടികളോടും പൊതുജനങ്ങളോടും അവർ വിവിധ വിഷയങ്ങളിൽ സംസാരിക്കാനും സമയം കണ്ടെത്തി ഇന്ത്യൻ വംശജ കൂടിയായ ഡോ നതാലിയ.

നിർമ്മിത ബുദ്ധിയും ശാസ്ത്ര വിദ്യാഭ്യാസ സാമൂഹ്യ മേഖലകളിൽ അതിൻറെ സ്വാധീനവും എന്ന വിഷയത്തിൽ സെമിനാർ നടന്നു. മദ്രാസ് ഐഐടിയിലെ ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഡിപ്പാർട്ട്മെൻറിലെ അധ്യാപകൻ പ്രൊഫ.ബി രവീന്ദ്രൻ, കൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
സയൻസ് എഡ്യൂക്കേഷൻ ആൻ്റ് റിസർച്ച് മുൻ ഡയറക്ടർ ഡോ. സൗമിത്രോ ബാനർജി,മദ്രാസ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറ് മുൻ മേധാവി പ്രൊഫ. ആർ മണിവർണ്ണൻ
എന്നിവർ സെമിനാറിൽ സംബന്ധിച്ചു.

ആധുനിക ശാസ്ത്രം മാനവരാശിക്ക് സമ്മാനിച്ച ഏറ്റവും പുതിയതും സമൂഹത്തിന്റെ എല്ലാ ജീവിത വ്യവഹാരങ്ങളിലും മുമ്പെങ്ങു മില്ലാത്ത വിധം സ്വാധീനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അതിസങ്കീർണ്ണമായ സാങ്കേതികവിദ്യയായ നിർമ്മിത ബുദ്ധി സമൂഹത്തിന്റെ ഒന്നാകെയുള്ള ക്ഷേമത്തിനും നന്മക്കുമായി വിനിയോഗിക്കാൻ ശാസ്ത്രം സമൂഹം മുന്നോട്ടുവരണമെന്ന് സെമിനാറിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി നശീകരണവും: പൊരുത്തപ്പെടലും ലഘുകരണവും എന്ന വിഷയത്തിലുള്ള സെമിനാറിൽ ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രൊഫ. സിപി രാജേന്ദ്രൻ,ബ്രേക്ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ. ദ്രുബജ്യോതി മുഖർജി തുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു.