പാലാ: നാലു വഴിയിലൂടെയും ‘ചെകുത്താനെ’തിരെ പണി വരുന്നുണ്ടെന്നു പറഞ്ഞ തിരുവല്ല സി ഐയ്ക്ക് എട്ടിൻ്റെ പണി. ‘ചെകുത്താൻ’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന അജു അലക്സിനെ അറസ്റ്റ് ചെയ്തപ്പോൾ തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ നടത്തിയ പരാമർശങ്ങളാണ് സി ഐയ്ക്ക് എട്ടിൻ്റെ പണിയാകുന്നത്.
ചലച്ചിത്ര നടൻ മോഹൻലാലിനെതിരെയുള്ള പരാമർശത്തിൽ തിരുവല്ല പോലീസ് പിടികൂടിയ അജു അലക്സിനെതിരെ നാലുവഴിക്കും പണി വരുന്നുണ്ടെന്നും സിനിമാ മേഖലയിലുള്ളവർ മാനനഷ്ടത്തിന് കേസ് കൊടുക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞുവെന്നും തിരുവല്ല സി ഐ പറഞ്ഞിരുന്നു. കൂടാതെ ടെറിറ്റോറിയൽ ആർമി സിവിൽ സ്യൂട്ട് ഫയൽ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞുവെന്നും സി ഐ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ പരസ്യ പ്രസ്താവനകൾ നടത്തിയ തിരുവല്ല സി ഐ യുടെ നടപടി അനുചിതവും അച്ചടക്കരാഹിത്യവുമാണെന്ന് ചൂണ്ടിക്കാട്ടി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിനു മുഖ്യമന്ത്രി നിർദ്ദേശം നൽകി.
ഇതോടൊപ്പം അജു അലക്സിനെ പിടികൂടി ലോക്കപ്പ് ചെയ്ത ചിത്രങ്ങൾ പ്രചരിച്ചതിനെതിരെയും അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു. കോടതി ശിക്ഷ വിധിക്കാത്ത കുറ്റാരോപിതൻ മാത്രമായ ഒരാളെ സമൂഹ മധ്യത്തിൽ കുറ്റവാളിയായി ചിത്രീകരിക്കുന്ന നടപടി അനുചിതമാണെന്ന് എബി ജെ ജോസും സാംജി പഴേപറമ്പിലും പറഞ്ഞു. പോലീസിന് നിയമപരമായ നടപടികൾ സ്വീകരിക്കാൻ മാത്രമാണ് അധികാരം. ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്. അജു അലക്സിൻ്റെ കേസിൽ മോഹൻലാലിനെതിരെ പറഞ്ഞതിൽ ലാലിനു പരാതിയില്ലെന്ന് ലാൽ പറഞ്ഞതായി സി ഐ പറയുന്നുണ്ടെങ്കിലും കേസെടുത്തിരിക്കുന്നത് ലാലിനെ അധിക്ഷേപിച്ചതിൻ്റെ പേരിലാണെന്ന് എഫ് ഐ ആർ പറയുന്നു. അപമാനമുണ്ടായ വ്യക്തിയാണ് പരാതി നൽകേണ്ടതെന്നിരിക്കെ മറ്റൊരാൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത നടപടിക്കു നിയമസാധുത ഉണ്ടോ എന്നു പരിശോധിക്കപ്പെടേണ്ടതാണ്.
പരാതികളുടെ അടിസ്ഥാനത്തിൽ പിടികൂടുന്നവരെ കുറ്റവാളികളായി ചിത്രീകരിച്ചു അവരുടെ ചിത്രങ്ങൾ പോലീസ് പ്രചരിപ്പിക്കുന്ന നടപടി മനുഷ്യാവകാശ ലംഘനമാണ്. ഇങ്ങനെ ചിത്രീകരിക്കപ്പെടുന്നവർ പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ടാൽ ഉണ്ടായ മാനക്കേടിന് ആരു സമാധാനം പറയുമെന്നു അധികൃതർ വ്യക്തമാക്കണം. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. തിരുവല്ല സി ഐയ്ക്കെതിരെയുള്ള പരാതി അന്വേഷിക്കാൻ ഡി ജി പി യും നിർദ്ദേശം നൽകിയിട്ടുണ്ട്.