പങ്കാളിത്ത പദ്ധതികള്‍ അനിവാര്യം, കാലാവസ്ഥാ വ്യതിയാനത്തെ കരുതിയിരിക്കണം

Wayanad

കല്പറ്റ: കാലാവസ്ഥാ വ്യതിയാനത്തിനെ പ്രതിരോധിക്കാന്‍ ജന പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ അനിവാര്യമെന്ന് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു കുറുപ്പ് പറഞ്ഞു. കൃഷിയെ അടിസ്ഥനമാക്കിയുള്ളതും ജനങ്ങളെ താക്കോല്‍ സ്ഥാനത്തു വക്കുന്നതുമായ പദ്ധതികള്‍ക്ക് സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുണ്ടക്കൈ ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസത്തിനായി സര്‍ക്കാരിനൊപ്പം സന്നദ്ധ സംഘടനകള്‍ക്കും പ്രധാന പങ്ക് വഹിക്കാന്‍ കഴിയും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലാവസ്ഥാ വ്യതിയാനം ഒരു വസ്തുത ആണെന്നും അതിനെ നേരിടാന്‍ ക്ലൈമറ്റ് വോളണ്ടിയര്‍മാരെ ഗ്രാമീണ തലത്തില്‍ സജ്ജരാക്കണമെന്നും ഗവേഷണ കേന്ദ്രം മുന്‍ മേധാവി ഡോ അനില്‍ കുമാര്‍ പറഞ്ഞു. അതിനായി പരിശീലന പരിപാടികള്‍ കൂടുതല്‍ നടത്തണമെന്നും പഞ്ചായത്തുകള്‍ ഈ മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥയില്‍ ഉള്ള മാറ്റങ്ങളെ കൃത്യമായി ജനങ്ങളെ അറിയിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണം എന്ന് അദ്ദേഹം പറഞ്ഞു.

വയനാട് ജില്ലയിലെ പ്രധാന സര്‍ക്കാരിതര സംഘടനകള്‍ യോഗത്തില്‍ സംബന്ധിച്ചു. ഗവേഷണ കേന്ദ്രം മേധാവി ഡോ ഷക്കീല സ്വാഗതം പറയുകയും ജോസഫ് ജോണ്‍ നന്ദി പറയുകയും ചെയ്തു.