സ്ത്രീകൾക്കെതിരായ അതിക്രമം, നിയമങ്ങൾ കർശനമായി നടപ്പിലാക്കണം: ഷുക്കൂർ സ്വലാഹി

Kozhikode

മലയാള സിനിമ മേഖലയിലെ സ്ത്രീ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടും അതിനെ തുടർന്നുള്ള തുറന്നുപറച്ചിലുകളും വലിയ കോളിളക്കങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അഭ്രപാളികളിലെ നക്ഷത്രങ്ങൾ പലതും ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ പുരുഷ കേന്ദ്രീകൃത വ്യവസായമാണ് ചലചിത്ര മേഖല. പെണ്ണുടലാണ് ആ കമ്പോളത്തിലെ ഏക്കാലത്തേയും വിലപിടിച്ച ചരക്ക്. സ്ത്രീ ശരീരം ചൂഷണം ചെയ്യുക മാത്രമല്ല, അത് ചൂഷണമെന്ന് സ്ത്രീകൾക്ക് പോലും തോന്നാത്ത വിധം സൈദ്ധാന്തിക തലമൊരുക്കാനും സിനിമകൾക്ക് സാധിച്ചിട്ടുണ്ട്. വസ്ത്ര ധാരണം മുതൽ പെരുമാറ്റ ചട്ടങ്ങൾ വരെ സ്ത്രീ സുരക്ഷയെ മുൻനിർത്തി ക്രോഡീകരിക്കപ്പെട്ട മതനിയമങ്ങളെ എന്നും ശത്രു പക്ഷത്ത് നിർത്തിയാണ് സിനിമ കണ്ണുകൾ നോക്കി കാണുന്നത്. അനിയന്ത്രിതമായ സ്വാതന്ത്രവും തകർക്കപ്പെടേണ്ട സദാചാര ചിന്തകളും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഏത് മേഖലയിലും സ്വാഭാവികമായും സംഭവിക്കാവുന്നതാണ് മലയാള സിനിമയിലെ ഇപ്പോഴത്തെ ഈ സ്ഫോടനം.

കലാരംഗത്ത് എന്നല്ല, ഏതൊരു തൊഴിലിടത്തും ചൂഷണങ്ങൾ ഉണ്ടായിക്കൂടാ. ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് വ്യക്തിയുടെ മൗലികാവകാശമാണ്. സ്ത്രീകൾക്ക് നേരെയുള്ള കടന്നുകയറ്റങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരുമ്പോൾ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നിയമങ്ങൾ എല്ലാ മേഖലയിലും നടപ്പാക്കണം. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. സർവോപരി ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന തിരിച്ചറിവ് പുതുതലമുറക്കുണ്ടാവണം; പ്രത്യേകിച്ച് സഹോദരിമാർക്ക്.

ഷുക്കൂർ സലാഹി
(ജനറൽ സെക്രട്ടറി
ഐ എസ് എം കേരള)