കോളേജ് കാമ്പസുകള്‍ക്ക് മിത്രമായി ഇനി ‘യു. കെ. എഫ് കാമ്പസ് മിത്ര’

Kollam

കൊല്ലം: കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര റോബോട്ടിക് കോണ്‍ക്ലേവില്‍ കാമ്പസ് മിത്ര’ താരമായിരുന്നു. കോളേജ് കാമ്പസില്‍ എത്തുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും അവരെ സ്വീകരിച്ച് വിവിധ ഇടങ്ങളിലേക്ക് എത്തിക്കുന്നതിനും ക്രമപ്പെടുത്തിയ ആധുനിക റോബോട്ടാണ് കാമ്പസ് മിത്ര.

പാരിപ്പള്ളി യുകെഎഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍റ് ടെക്നോളജിയിലെ റോബോട്ടിക്സ് ക്ലബ്ബും, ഐഇഡിസിയും സംയുക്തമായി വികസിപ്പിച്ചതാണ് കാമ്പസ് മിത്ര. സംസ്ഥാന സര്‍ക്കാര്‍, കെഎസ്ഐഡിസിയുടെ സഹകരണത്തോടെ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടത്തിയ ഇന്‍റര്‍നാഷണല്‍ റോബോട്ടിക് റൗണ്ട് ടേബിള്‍ കോണ്‍ക്ലേവിലാണ് കാമ്പസ് മിത്ര പ്രദര്‍ശിപ്പിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് സഹായിക്കുക, നൂതന സാങ്കേതിക വിദ്യയ്ക്ക് അനുഗുണമായി ലോകത്ത് സംഭവിച്ചുകൊണ്ടിരി ക്കുന്ന പുതിയ കാര്യങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ നല്‍കുക എന്നിവ ക്യാമ്പസ് മിത്രയുടെ പ്രത്യേകതകളാണ്. യു കെഎഫ് വിദ്യാര്‍ഥികളായ ശ്രീഹരി, ഏബല്‍, വിഖ്നേഷ് എന്നിവര്‍ പ്രൊഫ. അഖില്‍ ജെ. ബാബു, ഐഇഡിസി നോഡല്‍ ഓഫീസര്‍ പ്രൊഫ. ബി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാമ്പസ് മിത്രയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. യുകെഎഫ് കോളജ് ഡയറക്ടര്‍ അമൃത പ്രശോഭ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി. വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ തുടങ്ങിയവരും വിദ്യാര്‍ഥികള്‍ക്കായി പിന്തുണ നല്‍കി.