പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയുള്ള ചികിത്സയാണ് രോഗ ശമനത്തിന് അനിവാര്യം: കെ കെ ശൈലജ

Kozhikode

മാവൂര്‍: പകര്‍ച്ചവ്യാധികളും മറ്റ് അനേകം രോഗങ്ങളും വ്യാപകമാകുന്ന കാലഘട്ടത്തില്‍ പ്രതിരോധത്തില്‍ ഊന്നിയുള്ള ചികിത്സാരീതിയാണ് ആവശ്യമെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇന്ത്യന്‍ ഓങ്കോളജി സൊസൈറ്റിയും എം.വി.ആര്‍ കാന്‍സര്‍ സെന്ററും സംയുക്തമായി നടത്തിയ കാന്‍കോണ്‍ അന്താരാഷ്ട്ര സെമിനാറിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

പ്രതിരോധവും സുരക്ഷയും പിന്നെ സാന്ത്വന ചികിത്സയുമാണ് കാന്‍സര്‍ രോഗത്തില്‍ ഇന്ന് പ്രധാനമായും അവലംബിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് പൂര്‍ണ രോഗമുക്തിയാണ്. അതിനുള്ള കാല്‍വെയ്പ്പാണ് കാന്‍കോണ്‍പോലെയുള്ള സെമിനാറുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലാതലങ്ങളില്‍ ഹൃദയരോഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ചികിത്സ എന്നത് പൂര്‍ത്തിയാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കാന്‍സര്‍ രോഗത്തിനും സര്‍ക്കാര്‍തലത്തില്‍ വിപുലമായ സംവിധാനം വേണ്ടതുണ്ട്. സഹകരണമേഖലയില്‍ എം.വി.ആര്‍ പോലെയുള്ള സ്ഥാപനങ്ങള്‍ സാധാരണക്കാരന് അനുഗ്രഹമാണെന്നും അവര്‍ വ്യക്തമാക്കി.

എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷനായി. എം.വി.ആര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍ മൂന്നു ദിവസമായി നടന്ന സെമിനാറുകളെകുറിച്ച് വിശദമാക്കി. പി.ടി.എ റഹീം എം.എല്‍.എ, കെ.ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ സി.കെ അബ്ദുല്ലക്കോയ, കാന്‍കോണ്‍ ജോ. സെക്രട്ടറി ഡോ. ശ്രീലത വര്‍മ്മ എന്നിവര്‍ സംസാരിച്ചു.