ബ്രയില്‍ ലിപിയിലുള്ള മാപ്പിളപ്പാട്ട് പഠന സഹായ ഗ്രന്ഥങ്ങള്‍ വിതരണം ചെയ്തു

Malappuram

കൊണ്ടോട്ടി: കാഴ്ച വെല്ലുവിളി നേരിടുന്നവരും മാപ്പിളപ്പാട്ട് പഠന തല്‍പരരുമായ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി തയ്യാറാക്കിയിട്ടുള്ള ബ്രെയില്‍ ലിപിയിലുള്ള മാപ്പിളപ്പാട്ട് പഠന സഹായ ഗ്രന്ഥങ്ങള്‍ വള്ളിക്കാപ്പറ്റയിലെ കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്റ്‌സിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. സ്‌കൂളിലെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന മാപ്പിളപ്പാട്ട് പഠന തല്‍പരരായ തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ത്ഥികള്‍ക്കാണ് പുസ്തകങ്ങള്‍ നല്‍കിയത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ പുസ്തകങ്ങള്‍ കൈമാറി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ.കെ. യാസര്‍, സ്‌കൂള്‍ ലീഡര്‍ ഹന്ന ഫാത്തിമ എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍, എം.ഇ. നിസാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.