അധികൃതരുടെ പിടിപ്പു കേട്; മടവൂരിൽ നാളികേര കർഷകർ ദുരിതത്തിൽ

Kozhikode

കോഴിക്കോട്: സർക്കാറിൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെയും പിടിപ്പുകേട് കാരണം മടവൂരിലെ നാളികേര കർഷകർ ദുരിതത്തിലായി. പഞ്ചായത്തുകൾ വർഷങ്ങളായി നാളികേര കർഷകർക്കു നൽകി വരുന്ന വളം വിതരണത്തിലാണ് ഭരിക്കുന്നവരുടെ കഴിവുകേട് കാരണം ജനം നെട്ടോട്ടമോടേണ്ട അവസ്ഥ വന്നത്. മുൻ വർഷങ്ങളിൽ പദ്ധതിയിൽ ഉൾപ്പെടുത്തി മടവൂർ സർവ്വീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്തിരുന്ന വളം ജൂൺ ,ജൂലായ് മാസങ്ങളിൽ കർഷകർക്ക് ലഭിച്ചിരുന്നു.

ഇത്തവണ വളം വിതരണം നാലുമാസം വൈകി സ്വകാര്യ സ്ഥാപനങ്ങളിലൂടെയാണ് ലഭിക്കുന്നത്. സഹകരണ ബാങ്കുകൾക്ക് പകരം അംഗീകൃത സ്വകാര്യ സ്ഥാപാനങ്ങളിലെ ബില്ലുകൾ ലഭ്യമാക്കിയാൽ സബ്സിഡി ലഭിക്കും എന്ന സർക്കാർ ഉത്തരവാണ് കർഷകരെ വട്ടം കറക്കുന്നതിന് കാരണമായത്. മുൻവർഷങ്ങളിൽ രണ്ടു തവണ പഞ്ചായത്തിൽ പോയാൽ വളം ലഭിക്കുമായിരുന്നുവെങ്കിൽ പുതിയ ഉത്തരവുകാരണം നാലു തവണ പഞ്ചായത്തിൽ പോകേണ്ട അവസ്ഥയാണ്.

ഗ്രാമസഭയിൽ കുടുംബശ്രീ മുഖേന അപേക്ഷ സമർപ്പിച്ചാൽ പഞ്ചായത്ത് നിർദ്ദേശിക്കുന്ന സ്ഥലത്ത് നിന്ന് പെർമിറ്റ് കൈപറ്റി തൊട്ടടുത്ത മടവൂർ ബാങ്കിൽ നിന്ന് വളം സബ്സിഡി കഴിച്ചുള്ള പണമടച്ച് വാങ്ങാമായിരുന്നു. ഇത്തവണ പെർമിറ്റ് വാങ്ങാനും വളംവാങ്ങാനും ബില്ല് കൃഷിഭവനിൽ എത്തിക്കാനും ദിവസങ്ങളോളം ഊരു ചുറ്റുകയാണ് കർഷകർ.

മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മുഴുവൻ തുകയും നൽകി വളമെടുത്താൽ മാത്രമെ പിന്നിട് സബ്സിഡി ഓരോരുത്തരുടെയും എക്കൗണ്ടിൽ എത്തുകയുള്ളൂ. ഈ പണം ലഭിക്കണമെങ്കിൽ പിന്നീട് ബാങ്കിൽ പോകുകയും വേണം

മടവൂരിലെ ബാങ്കിൽ നിർദ്ദേശിക്കപ്പെട്ട വളം സ്റ്റോക്ക് ചെയ്യാൻ കഴിയാത്തതിനാൽ കർഷകർ നരിക്കുനി യിൽ നിന്നും കിഴക്കോത്ത്, കൊടുവളളി എന്നിവിടങ്ങളിൽ നിന്നുമാണ് വളം വാങ്ങുന്നത് .ഇതിന് ഭീമമായ ചെലവും അധ്വാനവും കർഷകർ സഹിക്കണം പഞ്ചായത്ത് അധികൃതർ ബാങ്ക് ഭാരവാഹികളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നുവെങ്കിൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നുവെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

മുൻവർഷങ്ങളെ പോലെ സഹകരണ സ്ഥാപന ങ്ങൾ വഴി മാത്രം വളം വിതരണം ചെയ്യുകയും സബ്സിഡി ബാങ്കിന് നൽകുകയും ചെയ്തിരുന്നുവെങ്കിൽ കർഷകർക്കും ബാങ്കിനും അത് ഗുണകരമായിരുന്നു.

സർക്കാറിൻ്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ധാരണയില്ലായ്മ കർഷകർക്ക് ഏറെ ദുരിതവും സാമ്പത്തിക നഷ്ടവും സൃഷ്ടച്ചിരിക്കുകയാണെന്നും വരും വർഷങ്ങളിൽ കർഷകരെ കഷ്ടപ്പെടുത്തുന്ന നടപടികളിൽ നിന്ന് അധികൃതർ പിൻമാറണമെന്നും നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടരിയും മടവൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന ചോലക്കര മുഹമ്മദ് മാസ്റ്റർ ആവശ്യപ്പെട്ടു