യു കെ എഫ് സ്കിൽ സ്കൂൾ ഉദ്ഘാടനം: ഇനി ജോലി ജർമനിയിൽ

Kollam

കൊല്ലം : പാരിപ്പള്ളി യു കെ എഫ് എൻജിനീയറിങ് കോളേജിൽ പുതുതായി ആരംഭിക്കുന്ന യു കെ എഫ് സ്കിൽ സ്കൂളിന്റെ ഉദ്ഘാടനം മുൻ എംപിയും കേരള സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പറും കൂടിയായ ഡോ പി കെ ബിജു നിർവഹിച്ചു. കോളേജ് ചെയർമാൻ ഡോ. എസ്. ബസന്ത് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ജർമൻ കമ്പനി ടി യു വി റെയിൻലാൻഡുമായി സഹകരിച്ചുകൊണ്ട് മൂന്ന് വ്യത്യസ്ത കോഴ്സുകളാണ് സ്കിൽ സ്കൂളിലൂടെ നടപ്പിലാക്കുന്നത്. വിൻഡ് ടെക്നോളജി, മെക്കാനിക്കൽ ഇലക്ട്രിക്കൽ പ്ലംബിങ് (എം ഇ പി), ക്യുഎ/ക്യുസി ഇൻ സിവിൽ എന്നിവയാണ് കോഴ്സുകൾ. കോഴ്സുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് പഠന ഭാഗമായി ജർമ്മൻ ഭാഷ പരിജ്ഞാനവും ജർമ്മനിയിലും മറ്റു വിദേശ രാജ്യങ്ങളിലും തൊഴിൽ എന്നതുകൂടി യുകെഎഫ് സ്കിൽ സ്കൂളിന്റെ പ്രധാന സവിശേഷതയാണ്.

ചടങ്ങിന്റെ ഭാഗമായി ബിടെക്, എംടെക്, ഡിപ്ലോമ ഒന്നാം വർഷ ബാച്ചുകളുടെ ഉദ്ഘാടനം വിദ്യോദയം 2k24 എന്ന പേരിൽ നടന്നു. അക്കാദമിക, കായിക മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ പ്രസ്തുത യോഗത്തിൽ ആദരിച്ചു. പരിപാടിയുടെ ഭാഗമായി രക്ഷകർത്താക്കൾക്ക് വേണ്ടി ക്രിയേറ്റീവ് പാരന്റിങ് സെഷനും സംഘടിപ്പിച്ചു. ടി യു വി റെയിൻലാൻഡ് ഇന്ത്യ അസിസ്റ്റന്റ് ജനറൽ മാനേജർ രഞ്ജിത്ത് ഗോപാലകൃഷ്ണൻ, യു കെ എഫ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പാൾ ഡോ. ഇ. ഗോപാലകൃഷ്ണ ശർമ്മ, വൈസ് പ്രിൻസിപ്പാൾ ഡോ. വി. എൻ. അനീഷ്, ഡീൻ അക്കാദമിക് ഡോ. ജയരാജു മാധവൻ, ഡീൻ സ്റ്റുഡന്റ് അഫയേഴ്സ് ഡോ രശ്മി കൃഷ്ണപ്രസാദ്, യു കെ എഫ് പോളിടെക്നിക് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. ജിതിൻ ജേക്കബ്, പിടിഎ പാട്രൺ എ. സുന്ദരേശൻ, പ്രൊഫ. അഖിൽ ജെ. ബാബു, പ്രൊഫ. എച്ച്. അൻസാർ, പ്രൊഫ. എൽ. എസ്. സൂര്യ തുടങ്ങിയവർ സംസാരിച്ചു.