തിരുവനന്തപുരം: മലയാള സിനിമയിലെ സാങ്കേതിക രംഗത്ത് സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ച തൊഴില്‍പരിശീലനപരിപാടിയുടെ ആദ്യഘട്ടമായ ഓറിയന്‍േറഷന്‍ ക്യാമ്പ് സെപ്റ്റംബര്‍ 27,28,29 തീയതികളിലായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കും. 27ന് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, കേരള നോളജ് എക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല, വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബിന്ദു വി.സി, സര്‍വവിജ്ഞാനകോശം ഡയറക്ടര്‍ ഡോ.മ്യൂസ് മേരി ജോര്‍ജ്, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ കുക്കു പരമേശ്വരന്‍, ലക്ഷ്മി രഘുനാഥന്‍, സെക്രട്ടറി സി.അജോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 47 വനിതകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ ഫിലിം എഡിറ്റര്‍ ബീനാപോള്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ജില്ലാ ഗവണ്‍മെന്റ് പ്‌ളീഡര്‍ ഡോ.ടി. ഗീനാകുമാരി, ഫിലിം മാര്‍ക്കറ്റിംഗ് ഡിസൈനര്‍ ഡോ.സംഗീത ജനചന്ദ്രന്‍, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിര്‍മ്മാതാക്കളായ ജി.സുരേഷ് കുമാര്‍, ജി.പി വിജയകുമാര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് മിറ്റ എം.സി, കലാസംവിധായകന്‍ അനീസ് നാടോടി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, പബ്‌ളിസിറ്റി ഡിസൈനര്‍ ആന്റണി സ്റ്റീഫന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും.
പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, ലൈറ്റിംഗ്, ആര്‍ട്ട് ആന്റ് ഡിസൈന്‍, കോസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വിഷന്‍, മാര്‍ക്കറ്റിംഗ് ആന്റ് പബ്‌ളിസിറ്റി എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്. നടിയും കോസ്റ്റ്യൂം ഡിസൈനറുമായ കുക്കു പരമേശ്വരനാണ് ക്യാമ്പ് ഡയറക്ടര്‍. ക്യാമ്പില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി തീവ്രപരിശീലനപരിപാടി സംഘടിപ്പിക്കും. തുടര്‍ന്ന് സിനിമകളുടെ വിവിധ സാങ്കേതിക വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കും.