‘പ്രതീക്ഷ  നൽകുന്ന  ഇന്ത്യ’ ശ്രദ്ധേയമായി ഫോക്കസ് ടോക് ഷോ

Gulf News GCC Saudi Arabia

ജിദ്ദ: രാജ്യത്തിന്റെ  വൈവിധ്യങ്ങളെയും  വൈജാത്യങ്ങളെയും നിലനിർത്തുവാനും  മതേതര ഇന്ത്യയിൽ ഫാഷിസത്തെ പ്രതിരോധിക്കുവാനും സമകാലിക  സാഹചര്യത്തിൽ  സാധിക്കുന്നു എന്നത് മതേതര ജനാധിപത്യ  മൂല്യങ്ങൾ  നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഇന്ത്യൻ ജനതക്ക്  പ്രതീക്ഷ  നൽകുന്നതാണെന്ന് ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച ‘പ്രതീക്ഷ  നൽകുന്ന  ഇന്ത്യ’ ടോക് ഷോ  അഭിപ്രായപെട്ടു. ജിദ്ദയിലെ മത  സാമൂഹിക രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ  പങ്കെടുത്ത ടോക് ഷോ ശ്രദ്ധേയമായി.

റഫീഖ്  പത്തനാപുരം (നവോദയ), ഇസ്മായിൽ പി. ടി (ഒ ഐ സി സി), ഹസീബ് റഹ്‌മാൻ (യൂത്ത് ഇന്ത്യ), ആദിൽ  നസീഫ് (എം എസ്‌ എം കേരള) എന്നിവർ പങ്കെടുത്തു. ഫോക്കസ് ഇന്റർനാഷണൽ  ജിദ്ദ ഡിവിഷൻ  ഓപറേഷൻ മാനേജർ ഷഫീഖ് പട്ടാമ്പി മോഡറേറ്ററായിരുന്നു.

സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും മൂല്യങ്ങൾ  ഉയർത്തിപ്പിടിച്ച് ഫാഷിസത്തെ  പ്രതിരോധിക്കുവാനും മതേതര  ഇന്ത്യയുടെ തെളിമ നിലനിർത്തുവാനും  സാധിച്ചാൽ  പ്രതീക്ഷ  കൈവിടാതെ  മുന്നേറാൻ സാധിക്കുമെന്ന് എം എസ്‌ എം പ്രതിനിധി  ആദിൽ  നസീഫ്  പറഞ്ഞു. എന്തായിരുന്നു ഇന്ത്യ എന്ന് പുതുതലമുറക്ക് പരിചയപ്പെടുത്തിയാലേ ഇന്നത്തെ ഇന്ത്യയെ മനസിലാക്കുവാൻ പുതുതലമുറക്ക്  സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ജനാതിപത്യ  മതേതര  വിശ്വാസികൾക്ക് പ്രതീക്ഷയുടെ  കാലമാണ് നിലനിൽക്കുന്നതെന്നും ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ  ഫാഷിസത്തെ പ്രതിരോധിക്കുവാനും  ഒളി അജണ്ടകളെ  തടയിടാനും  സാധിക്കുന്നു എന്നത് പ്രതീക്ഷ  നൽകുന്നതാണെന്ന് ഒ ഐ സി സി പ്രതിനിധി ഇസ്മായിൽ പി ടി പറഞ്ഞു. രാഷ്ട്രീയമായ അതിർവരമ്പുകൾക്കപ്പുറം  ഒറ്റക്കെട്ടായി ഫാഷിസത്തെ പ്രതിരോധിക്കുവാൻ  സാധിച്ചാൽ  രാജ്യത്തെ തിരിച്ചുപിടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതീക്ഷ  ഇല്ലെങ്കിൽ രാജ്യത്തെ ജനത  നിർജീവമാകുമെന്നും കഴിഞ്ഞ  പത്തു വർഷത്തെ  അന്ധകാരത്തിൽ നിന്നും മാറ്റം വന്നിരിക്കുകയാണെന്നും ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അപ്രമാദിത്വം  അവസാനിച്ചിരിക്കുകയാണെന്നും മതേതര  ഇന്ത്യയുടെ പ്രതീക്ഷയുടെ  കലാഘട്ടമാണ് വരാനിരിക്കുന്നതെന്നും നവോദയ  പ്രതിനിധി റഫീഖ്  പത്തനാപുരം പറഞ്ഞു. ഫാഷിസത്തിനെതിരായ  ആശയ പരിസരം  രൂപപ്പെടുത്തുന്നതിൽ രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ശ്രമങ്ങൾ  വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവാദ  വിഷയങ്ങൾ  ഉയർത്തിപ്പിടിച്ച് മുതലെടുപ്പുകൾ  നടത്താനുള്ള  ഫാസിസ്റ്റ് ശ്രമങ്ങൾ  ഇനി നടപ്പിലാക്കാൻ  സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവത്വം  അരാഷ്ട്രീയ വത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയും സാമൂഹിക  ഇടപെടലുകളിൽ  നിന്നും പുറം തിരിഞ്ഞോടുകയും  ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും യുവതയെ  രാഷ്ട്ര പുനർ  നിർമ്മാണത്തിന് സജ്ജരാക്കിയാൽ  യഥാർത്ഥ  ഇന്ത്യയെ തിരിച്ചുപിടിക്കാൻ സാധിക്കുമെന്നും പ്രതീക്ഷ  കൈവിടാതെ  ഫാഷിസത്തെ പ്രതിരോധിക്കാൻ  യോജിച്ച കൂട്ടായ്മകൾ ശക്തിപ്പെടുത്തണമെന്നും യൂത്ത് ഇന്ത്യ പ്രതിനിധി ഹസീബ് റഹ്‌മാൻ  അഭിപ്രായപെട്ടു.

വിശ്വാസപരമായി ഇന്ത്യൻ സമൂഹത്തെ  ചൂഷണം  ചെയ്ത് രാഷ്ട്രീയ  മുതലെടുപ്പ് നടത്തുകയാണ് വഖഫ്  പോലുള്ള വിഷയങ്ങളിൽ നടപ്പിലാക്കാൻ  ശ്രമിക്കുന്നതെന്നും ഇത്തരം  സാഹചര്യങ്ങളെ നിയമപരമായി  നേരിടാൻ  സാധിക്കേണ്ടതുണ്ടെന്നും ഹസീബ്  അഭിപ്രായപെട്ടു.