നല്ല മനുഷ്യനാവാൻനല്ല മനസുവേണം, ഗാന്ധി ജയന്തി ദിനത്തില്‍ ബോധോദയ സംഗമം

Kozhikode

ആയഞ്ചേരി: നല്ല മനുഷ്യനാവാൻനല്ല മനസുവേണം എന്ന സന്ദേശവുമായി ഗാന്ധി ജയന്തി ദിനത്തില്‍ ബോധോദയ സംഗമം. ആയഞ്ചേരി പതിമൂന്നാം വാര്‍ഡ് മംഗലാട് പറമ്പില്‍ ഗവണ്‍മെന്‍റ് യു പി സ്കൂളില്‍ ഒക്ടോബർ 2 ബുധനാഴ്ച 2 മണി മുതലാണ് പരിപാടി. കോഴിക്കോട് റൂറല്‍ സൈബര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എച്ച് ഷാജഹാന്‍ ഉദ്ഘാടനം ചെയ്യും. പതിമൂന്നാം വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. രംഗീഷ് കടവത്ത് ക്ലാസെടുക്കും. ഐസ് ബേക്ക്, ബാല സഭ സംവാദം, കളിയും ചിരിയും, കലാപരിപാടികള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തും.

നാമറിയാതെ കുട്ടികളും മുതിർന്നവരും സൈബർ കുറ്റകൃത്യങ്ങളിലും ലഹരി ഉൾപ്പെടെയുള്ള കെണികളിലും പെട്ടു പോവുകയാണ്. മാറിയ കാലഘട്ടത്തിൽ കുരുക്കിലാവാതിരിക്കാൻ നാം ചില മുൻ കരുതലുകൾ എടുക്കേണ്ടതായിട്ടുണ്ട്. ജീവിക്കാൻ പണം അത്യാവശ്യമാണ്. അത് എളുപ്പത്തിൽ കൈക്കലാക്കാനുള്ള വ്യഗ്രതയിൽ സുരക്ഷാ കവചങ്ങൾ മറന്നുപോകുന്നത് പതിവ് കാഴ്ചകളാണ്. ഇത് മനസിലാക്കി നമ്മുടെയും കുട്ടികളുടെയും അക്കൗണ്ടുകൾ വളരെ തന്ത്ര പൂർവ്വം ഹാക്കർമാർ കൈക്കലാക്കി പണമിടപാട് നടത്തിക്കുന്ന രീതികളും വർദ്ധിച്ചു വരികയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ബോധവത്ക്കരണം ലക്ഷ്യമാക്കിയുള്ള പരിപാടി സംഘടിപ്പിച്ചത്.

നമുക്ക് ഒരുക്കിയ സുരക്ഷാ സംവിധാനങ്ങൾ നാം അറിയാതെ പോകുന്നത് കൊണ്ടാണ് പലരും ചതികളിൽ ചെന്ന് വീണ് ജീവിതം ഇല്ലാതാക്കേണ്ടി വരുന്നത്. വർത്തമാന കാലത്ത് നമ്മുടെയും, കുട്ടികളുടെയും അക്കൗണ്ടുകളിലൂടെ ഹാക്കർമാർ നടത്തിയ ഇടപാടിലൂടെ രാജ്യദ്രോഹ കുറ്റം ചുമത്തി കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ജയിലുകളിൽ കഴിയുകയാണ്.

ഡിജിറ്റൽ യുഗത്തിൽ നാം മനസിലാക്കിയിരിക്കേണ്ട നിയമവശങ്ങൾ കേൾക്കാനും, അല്പം ശ്രദ്ധ പുലർത്താനും കുട്ടികളുടെ പഠനപുരോഗതിയും, വ്യക്തിത്വവികാസവും, അമിതമായ മൊബൈൽ ഉപയോഗം കൊണ്ടുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളും, ഉൾപ്പെടെ നാം അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് ബോധോദയ സംഗമം നടത്തുന്നത്.

നമ്മുടെ കുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളാണ്. അവരെ ശരിയായ ദിശയിൽ വളർത്തിയെടുക്കാൻ രക്ഷിതാക്കളും മുന്നിട്ടിറങ്ങിയേ മതിയാവൂ. ചതികളിൽ വീണു പോകാതിരിക്കാൻ പുതിയ സാങ്കേതിക അറിവുകൾ മനസിലാക്കുക എന്നത് അത്യാവശ്യവുമാണ്. കുട്ടികളോടൊപ്പം രക്ഷിതാക്കളും ഇരുണ്ട അറകളിൽ കഴിയാതിരിക്കാൻ അല്പ സമയം നമുക്ക് ചിലവഴിക്കാം. കുട്ടികളോടൊപ്പം രക്ഷിതാക്കളും ഇരുന്ന് മനസിലാക്കിയിരിക്കേണ്ട അതിപ്രാധാന്യമുള്ള ചടങ്ങില്‍ ഏവരെയും പങ്കെടുക്കണമെന്ന് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍, വാർഡ് വികസന സമിതി അക്കരോൽ അബ്ദുളള എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.