കല്പറ്റ: കാലാവസ്ഥാ വ്യതിയാനവും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പൊഴുതന ഗ്രാമ പഞ്ചായത്തിലെ മൂന്ന് സ്‌കൂളുകള്‍ക്കായി എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെ കുട്ടികള്‍ എന്ന നിലയില്‍ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തില്‍ ഗവേഷകര്‍ കുട്ടികളോട് സംസാരിച്ചു.
മഴ മാപിനി ഉപയോഗിച്ച് മഴ അളക്കുന്നത് എങ്ങനെ എന്ന് കുട്ടികളെ പഠിപ്പിച്ചു കൂടാതെ മഴ അളക്കുന്നതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി. അതി തീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ സുഗന്ധഗിരി പോലുള്ള പ്രദേശങ്ങളില്‍ ഉണ്ടായേക്കാന്‍ ഇടയുള്ള അടിയന്തിര സാഹചര്യങ്ങളെ കുറിച്ചും സ്‌കൂള്‍ കുട്ടികള്‍ എടുക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ചും കുട്ടികളോട് വിദഗ്ധര്‍ സംസാരിച്ചു.
മഴ മാപിനി കുട്ടികള്‍ക്ക് കൊടുത്തതിനു പുറമെ ജൈവ വൈവിധ്യ സംരക്ഷണത്തിനായി വംശ നാശം നേരിടുന്ന ചെടികള്‍ സ്‌കൂളുകള്‍ക്ക് കൊടുത്തു. എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഡോ ഷക്കീല, ഡോ അനില്‍ സക്കറിയ, ശ്രീ ജോസഫ് ജോണ്‍, ശ്രീ സുജിത് എന്നിവര്‍ കുട്ടികളോട് സംസാരിച്ചു. ജപ്പാന്‍ കേന്ദ്രമായ കെ എന്‍ സി എഫ് ന്റെ സഹായത്തോടുകൂടെയാണ് പരിപാടി സംഘടിപ്പിച്ചത്.