സ്കൂളുകളിൽ പ്രൊഫ. ശോഭീന്ദ്ര ദിനം; ജില്ലാതല ഉദ്ഘാടനം നടത്തി

Kozhikode

കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രന്റെ ആശയങ്ങൾ വിദ്യാർത്ഥികൾ ജീവിതത്തിൽ പകർത്തേണ്ടവയാണ് എന്ന് വിദ്യാഭ്യാസ ഉപകരക്ടർ മനോജ് മണിയൂർ പറഞ്ഞു. പ്രൊഫ. ശോഭീന്ദ്രൻ ചരമവാർഷികത്തോടനുബന്ധിച്ച് ‘ഹരിതഭവനം’ പദ്ധതിയുടെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകളിൽ നടക്കുന്ന ശോഭീന്ദ്ര ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയറ ബി ഇ എം യു പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. ഗ്രീൻ പാലിയേറ്റീവ് മലപ്പുറം ജില്ലാ കോഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂൾ പ്രധാനാധ്യാപിക ലൈസമ്മ വർഗീസ്,ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് ഷജീർഖാൻ വയ്യാനം, ഹരിതഭവനം സിറ്റി ഉപജില്ലാ കോഡിനേറ്റർ സി ആർ കാവ്യ തുടങ്ങിയവർ സംസാരിച്ചു.

സരസ്വതി ബിജു, സ്മിത ലക്ഷ്മി എന്നിവർ ഹരിത കവിതകൾ ആലപിച്ചു. വർഷങ്ങൾക്കു മുമ്പ് പ്രൊഫ. ശോഭീന്ദ്രൻ സ്കൂൾ ക്യാമ്പസിൽ നട്ട കണിക്കൊന്ന മരത്തെ ചടങ്ങിൽ ഡിഡിഇ മനോജ് മണിയൂർ ആദരിച്ചു. ശോഭീന്ദ്ര സ്മൃതി വൃക്ഷമായി ക്യാമ്പസിൽ കണിക്കൊന്ന തൈ നടുകയും ചെയ്തു. പ്രൊഫ. ശോഭീന്ദ്രൻ ഓർമ്മദിനം ഒക്ടോബർ 12ന് ആയിരുന്നെങ്കിലും അന്ന് സ്കൂളുകൾക്ക് അവധി ദിവസമായതിനാൽ 15ന് സ്കൂളുകളിൽ ശോഭീന്ദ്ര ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.