പോളിംഗ് കുറഞ്ഞത് കർഷകരെയും ആദിവാസികളെയും അവഗണിച്ചതുകൊണ്ട്: വയനാട് പ്രകൃതി സംരക്ഷണ സമിതി

Wayanad

സുല്‍ത്താന്‍ ബത്തേരി: കർഷകരുടെയും ആദിവാസികളുടെയും ഭൂരഹിതരുടെയും ജീവൽ പ്രശ്നങ്ങളെക്കാൾ കൂടുതൽ രാത്രിയാത്രാ നിരോധനം പോലുള്ള അസംബന്ധ അജണ്ടകൾക്ക് ഊന്നൽ നൽകിയതിൻ്റെ അനിവാര്യഫലമാണ് വയനാട്ടിലെ വോട്ടർമാർ കൂട്ടത്തോടെ പോളിംഗിൽ നിന്നും വീട്ടു നിൽക്കാൻ കാരണമായതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി വിലയിരുത്തി. രാഷ്ട്രീയ മാനേജർമാർക്ക് ഇത് വൃക്തമായി അറിയാമായിരുന്നിട്ടും അവർ അജ്ഞത നടിക്കുകയാണ്.

വയനാടിൻ്റെ യഥാർത്ഥ വികസന പ്രശ്നങ്ങൾ ബോധപൂർവ്വം തമസ്കരിച്ച് മുന്നണികളെയും സ്ഥാനാർത്ഥികളെയും ഒളി അജണ്ടകളുള്ള മാഫിയകളും ലോബികളും ഹൈജാക്ക് ചെയ്തെന്ന് നെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ തന്നെ പ്രകൃതി സംരക്ഷണ സമിതി മുന്നറിയിപ്പു നൽകിയിരുന്നു. വയനാടിൻ്റെ സമ്പത്ത് ഊറ്റി കുടിക്കാനുള്ള ദീർഘ പദ്ധതികൾ അവർക്കുണ്ട്. മുനുഷ്യ-വന്യജീവി പ്രശ്നത്തെക്കാൾ 15 വർഷം മുൻപ് കോടതി ഉത്തരവിലൂടെ നിലവിൽ വന്നതും സുപ്രിം കോടതിയിൽ കേസ്സ് തുടരുന്നതും ജനങ്ങൾ പൊരുത്തപ്പെട്ടു കഴിഞ്ഞതുമായ രാത്രിയാത്രാ നിരോധനവും വയനാടിൻ്റെ രക്ഷ ടൂറിസമാണെന്നുമുള്ള സാധാരണക്കാരന് ദഹിക്കാത്ത വായ്ത്താരികളും നിരന്തരം ഇരവിട്ടുകൊണ്ടിരുന്നത് ഈ ലോബിയുടെ വിജയകരമായ തന്ത്രത്തിൻ്റെ ഭാഗമായിരുന്നു. രാത്രിയാത്രാ നിരോധഹത്തിനെതിരെ യുദ്ധം നയിച്ചവർ മാളത്തിൽ ഒളിച്ചിട്ട് 10 വർഷമെങ്കിലുമായി. നിരോധനം ഒരിക്കലും വയനാട്ടുകാരുടെ ജീവന്മരണ പ്രശ്നമായിരുന്നില്ല ,കള്ളക്കടത്തു ലോബിയുടെതായിരുന്നു.

പ്രിയങ്കാ ഗാന്ധിയെയും രാഹുൽഗാസിയെയും തെറ്റിദ്ധരിപ്പിക്കുന്നതിൽ ഇക്കൂട്ടർ വിജയിക്കുകയുണ്ടായി. ടൂറിസത്തിൻ്റെ ബ്രാൻ്റ് അമ്പാസിഡർമാരാകാനാണ് കർഷകരുടെ രക്ഷകരാകാനല്ല ഇവർ ഉത്സാഹിച്ചതെന്നത് വലിയ ദുര്യോഗമാണ്. ഇന്ത്യയിൽ ഏറ്റവുമധികം കാർഷികാത്മഹത്യകൾ നടന്ന പ്രദേശമാണ് വയനാട് എന്നും അതിന്നും തുടരുകയാണെന്നും പാർട്ടികളോ സ്ഥാനാർത്തികളോ അറിഞ്ഞതായി നടിച്ചില്ല. ജനസംഘ്യയിൽ തൊണ്ണുറുശതമാനം വരുന്ന , നാശത്തിൻ്റെ പടുകുഴിയിൽ കിടക്കുന്ന കർഷകർ , വോട്ടിനോട് വിമുഖത കാണിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.

വയനാട്ടിലെ രണ്ടു ലക്ഷത്തോളം വരുന്ന ആദിവാസികൾ ഭൂരഹിതരും അരക്ഷിതരും വിദ്യഭ്യാസ-ആരോഗ്യ സൌകര്യങ്ങൾ ലഭ്യമാവാതെ പുറമ്പോക്കിൽ തള്ളപ്പെട്ടവരുമാണ്. ആയിരക്കണക്കിന്ന് തോട്ടം തൊഴിലാളികൾ ആധുനിക സമൂഹത്തിന്ന് അപമാനകരമായ സാഹചര്യത്തിലാണ് ഉപജീവിക്കുന്നത്. വയനാടൻ ഗ്രാമങ്ങളിലെ ചികിത്സാ സൗകര്യം പരിതപകരമാണ്. വയനാട്ടിൽ രൊറ്റ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ഇല്ല.

വിമാനത്താവളത്തിനും റെയിൽവേ ക്കും ബദൽ റോഡുകൾക്കും വേണ്ടി കണ്ഠക്ഷോഭം നടത്തിയവർ ഇതൊക്കെ അവഗണിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
അരമനകളിലും മതസ്ഥാപനങ്ങളിലും സമുദായ നേതാക്കളുടെ തിണ്ണയും നിരങ്ങിയവർ ഏതെങ്കിലും കർഷകരെയോ ആദിവാസി ഗ്രാമങ്ങളിലോ പോയി ആശയവിനിമയം നടത്താൻ തയ്യാറായില്ല. ഇവരിൽ ആര് ജയിച്ചു വന്നാലും വയനാട്ടിലെ മഹാഭൂരിഭാഗം വരുന്ന ” കോരന്മാർക്ക് ” കഞ്ഞി കുമ്പിളിൽ തന്നെയായിരിക്കുമെന്ന് പ്രസിഡന്‍റ് എൻ .ബാദുഷ, സെക്രട്ടറി തോമസ്സ് അമ്പലവയൽ, ട്രഷറര്‍ ബാബു മൈമ്പാടി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.