ഗുസ്തി താരങ്ങള്‍ക്കു പിന്തുണയുമായി യുപിയിലെങ്ങും കര്‍ഷകരുടെ മഹാപഞ്ചായത്തുകള്‍

Analysis

യു പി കത്ത് / ഡോ.കൈപ്പാറേടന്‍

റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിനു പിന്തുണയുമായി UP യിലെങ്ങും കര്‍ഷകരുടെ നേതൃത്വത്തില്‍ മഹാ പഞ്ചായത്തുകള്‍ ചേരുന്നു.

ഇന്ന് സോനെപത്തിലെ മുണ്ട്‌ലാനയില്‍ സംഘടിപ്പിക്കപ്പെട്ട മഹാപഞ്ചായത്തില്‍ RLD പ്രസിഡന്റ് ജയന്ത് ചൗധരി MP ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തു. UPയിലെ ഗ്രാമങ്ങളില്‍ നടക്കുന്ന മഹാപഞ്ചായത്തുകളുടെ പ്രതിധ്വനി ഡല്‍ഹിയിലെത്തണമെന്ന് മഹാപഞ്ചായത്തില്‍ സംസാരിച്ച ആര്‍ എല്‍ ഡി പ്രസിഡന്റ് ജയന്ത് ചൗധരി പറഞ്ഞു.

‘ഗുസ്തിക്കാര്‍ സമാധാനകാംഷികളാണ്. അവര്‍ മര്യാദയുടെ നയം എടുത്തെന്നു കരുതി അവരെ ദുര്‍ബലരായി കണക്കാക്കരുത്, അവര്‍ക്കൊപ്പമാണ് ഞങ്ങളും ജനങ്ങളും ദൈവവും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയില്‍ കൊടുങ്കാറ്റ് വീശുന്നു, ഇന്നും കാറ്റ് വീശി. ഇവിടെ കൂടുന്ന പഞ്ചായത്തിന്റെ പ്രതിധ്വനി ഡല്‍ഹിയിലെത്തിക്കണമെന്നു കാറ്റ് തീരുമാനിച്ചതു പോലെ തോന്നുന്നു.

മനുഷ്യന്‍ ജീവിക്കുന്നത് ബഹുമാനത്തിന് വേണ്ടിയാണ്, ഈ പോരാട്ടം മുഴുവന്‍ ബഹുമാനത്തിനു വേണ്ടിയാണ്. BJP ഭരണത്തില്‍ ഭാരതമാതാവിന്റെ മാനം പോലും അപകടത്തിലാണ്. ഞാന്‍ എന്റെ പാര്‍ട്ടിയുടെ പ്രസിഡന്റാണ്, നിങ്ങളുടെ അനുഗ്രഹത്താല്‍ ഞാന്‍ രാജ്യസഭാംഗമാണ്, പക്ഷേ രാജ്യസഭാ സീറ്റ് പിന്നീട്. ഞാന്‍ എന്റെ സഹോദരിമാരുടെ ആദ്യത്തെ സഹോദരനാണ്.’

ജാതിമതഭേദമെന്യേ രാജ്യത്തുള്ള മുഴുവന്‍ പെണ്‍മക്കളെയും സംരക്ഷിക്കാന്‍ ബാദ്ധ്യതപ്പെട്ട BJP സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ പീഢന വീരന്‍മാരെയായണ് സംരഷിക്കുന്നതെന്ന് ജയേന്ത് ചൗധരി കളിയാക്കി. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന്റെ ചെറുമകനും മുന്‍ കേന്ദ്രമന്ത്രി അജിത് സിങ്ങിന്റെ മകനുമാണ് UP യിലെങ്ങും നല്ല സ്വാധീനമുള്ള ജയേന്ത് ചൗധരി MP.