കഴിഞ്ഞ ശനി ഞായർ ദിവസങ്ങളിൽ ബാംഗ്ലൂരിൽ ചേർന്ന ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിൻ്റെ കൗൺസിൽ സമ്മേളനം ഇന്ത്യൻ മുസ്ലിംകൾക്ക് ഒട്ടേറെ നല്ല പാഠങ്ങൾ നൽകുന്നതായിരുന്നു. വിവിധ ചിന്താധാരകളും സംഘടനകളും പ്രസ്ഥാനങ്ങളുമായി വേർതിരിക്കപ്പെട്ട് പോയ ഇന്ത്യയിലെ മുസ്ലിംകൾക്ക് അവരുടെ പൊതു കാര്യങ്ങൾക്കായി ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ കൂടിയിരുന്ന് ആലോചനകളും ചർച്ചകളും നടത്തി ക്രിയാത്മകമായ തീരുമാങ്ങളെടുത്ത് നടപ്പിലാക്കാനാവുമെന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ഈ മഹാസമ്മേളനം. അതിനുള്ള ഒരു പൊതുവേദിയാണീ മുസ്ലിം വ്യക്തിനിയമ ബോർഡ്. അതിൽ പങ്കെടുത്തവർ തമ്മതമ്മിൽ പുലർത്തിപോരുന്ന ബഹുമാനവും ആദരവും ആരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
പ്രമുഖ ഹനഫീ പണ്ഡിതനും പേഴ്സണൽ ലോ ബോർഡ് പ്രസിഡൻ്റുമായ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനിയെ അഹ് ലെ ഹദീസ് പ്രസിഡൻ്റ് മൗലാനാ അസ്ഗർ അലി ഇമാം മഹ്ദി അസ്സലഫി അഭിസംബോധന ചെയ്തത് ഫഖീഹെ അസ്ർ ( ഈ കാലഘട്ടത്തിൻ്റെ മഹാ പണ്ഡിതൻ ) എന്നായിരുന്നു. ഓരോ പണ്ഡിതനെയും കുറിച്ച് വേറെ ഒരു പണ്ഡിതൻ പറയുന്നത് ഹസ്റത്ത് മൗലാനാ സാഹിബ് ( ബ്ഹുമാന്യ പണ്ഡിതൻ ) എന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു. അവർ ഒന്നിച്ചിരുന്നു ചർച്ചകൾ നടത്തി, പരസ്പ്പരം സലാം പറഞ്ഞ് ഹസ്തദാനം നടത്തി ആശ്ശേഷിച്ചു, ഒന്നിച്ച് നമസ്കരിച്ചു, ഒന്നിച്ച് ഭക്ഷണം കഴിച്ചു, ഒരേ റൂമിൽ ഉറങ്ങി. എല്ലാം അതിമനോഹരവും അതിലേറെ വശ്യവുമായിരുന്നു. ഈയടുത്ത് പാണക്കാട് സാദിഖ് അലി തങ്ങൾ കോഴിക്കോട്ടെ ഒരു പരിപാടിയിൽ പറഞ്ഞതോർത്തു പോയി ” നമ്മൾ ഒന്നാവേണ്ട , ഒന്നാവാനും കഴിയില്ല, ഒന്നിച്ചിരുന്നാൽ മതി” എന്ന് .
1973 ൽ ഹൈദരാബാദിൽ വെച്ച് ഖാരി ത്വയ്യിബ് ഖാസിമി, മൗലാനാമിന്നത്തുല്ലാഹ് റഹ്മാനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുസ്ലിം പേർസണൽ ലോ ബോർഡ് ആരംഭിച്ചത്. പിന്നീട് മൗലാനാ മുജാഹിദുൽ ഇസ്ലാം ഖാസിമി നേതൃത്വമേറ്റെടുത്തു. മൗലാനാ അബുൽ ഹസൻ നദ് വിയായിരുന്നു ദീർഘകാലം ബോർഡിനെ നയിച്ചിരുന്നത്. പിന്നീട് മൗലാനാ റാബി നദ് വി സാഹിബ് ആയിരുന്നു പ്രസിഡൻ്റ്. ഇപ്പോൾ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി ഹൈദരാബാദ്, മൗലാനാ ഫസ് ലുറഹിം മുജദ്ദിദി ജെയ്പൂർ എന്നിവരാണ് പ്രസിഡൻ്റും സെക്രട്ടരിയും.
ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ മതാചാര പ്രകാരം ജീവിക്കുവാൻ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച അവകാശത്തിന്നെതിരിൽ പലപ്പോഴും ഉയർന്നു വരുന്ന വെല്ലുവിളികളെ നിയമപരമായും ആശയപരമായും നേരിടാൻ ബോർഡ് നേതൃത്വം നൽകുന്നു. ഏക സിവിൽ കോഡ്, പൗരത്വ നിയമം, വിവാഹ വിവാഹമോചന നിയമങ്ങൾ, അനന്തരാവകാശം, മതസ്ഥാപനങ്ങളുടെയു വ്യക്തികളുടെയും സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ബോർഡ് സജീവമായി ഇടപെടുന്നുണ്ട്.
അതോടൊപ്പം സമുദായത്തിൻ്റെ ധാർമ്മിക പുരോഗതിക്കാവശ്യമായ നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നു. സ്ത്രീകളുടെ പുരോഗതിക്കും സുരക്ഷക്കും വേണ്ടി പദ്ധതികളാവിഷ്കരിക്കുന്നു. ബഹുസ്വര സമൂഹത്തിൽ സാമുദായിക സൗഹാർദ്ദം മെച്ചപ്പെടുത്താനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നു. അതിന്നായി പൈഗാമെ ഇൻസാനിയത്ത് എന്ന ഒരു പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്.
ബാംഗ്ലൂർ സബീലു റഷാദ് അറബിക്കോളെജ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് ദാറുൽ ഉലൂം വഖ്ഫ് പ്രസിഡൻറ് മഹമൂദ് മദനി , അഹ് ലെ ഹദീസ് പ്രസിഡൻ്റ് അസ്ഗർ അലി ഇമാം മഹ്ദി, ജമാഅത്തെ ഇസ്ലാമി അമീർ സആത്തുല്ലാ ഹുസൈനി, പേഴ്സണൽ ലോ ബോർഡ് പ്രസിഡൻ്റ് മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി , മൗലാനാ ഫസ് ലു റഹിം മുജദ്ദിദി, ഫാത്വിമാ മുസഫർ , ഉസ്മാ നിഹാദ്, തുടങ്ങിയ വനിതാ പ്രതിനിധികൾ, ദാറുൽ ഉലൂം ദയൂബന്ദ്, നദ് വത്തുൽ ഉലമാ ലക്നോ തുടങ്ങിയ സ്ഥാപനങ്ങളിലെ പണ്ഡിതന്മാർ, ശീആ ബോറാ വിഭാഗത്തിൻ്റെ പ്രതിനിധികൾ , സംഘടനാ നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു. സുന്നി , ശിആ , ഹനഫി, സലഫി, ദയൂബന്ദി, ബറേൽവി വ്യത്യാസങ്ങളൊന്നും വ്യക്തിനിയമ ബോർഡിൻ്റെ ബാനറിൽ ഒന്നിച്ച് പ്രവത്തിക്കുന്നതിന് തടസ്സമായില്ല. മുമ്പ് മക്കയിലും ലണ്ടനിലും മൊറോക്കോയിലും മലേഷ്യയിലും ഈജിപ്തിലും ബഹ്റൈനിലും നടന്ന ചില ആഗോള മുസ്ലിം പണ്ഡിത സമ്മേളനങ്ങളിൽ പങ്കെടുത്തപ്പോൾ അവിടെയെല്ലാം പ്രകടമായതും ഈയൊരു വികാരം തന്നെയായിരുന്നു.
കേന്ദ്ര സർക്കാർ കൊണ്ടുവരാൻ പോവുന്ന വഖഫ് നിയ ഭേദഗതിക്കെതിരെ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ ആയിരങ്ങൾ പങ്കെടുത്ത പൊതുസമ്മേളനത്തിൽ മുസ്ലിം പണ്ഡിതൻമാർക്ക് പുറമെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു. ബാംഗ്ലൂരിലെ മലയാളി സുഹൃത്തുക്കൾ നടത്തുന്ന KMCC സമ്മേളനത്തിലേക്ക് നൂറോളം വളണ്ടിയർമാരെ കൊടുത്തു സഹായിച്ചു. അവരവിടെ മുപ്പതിനായിരത്തോളം ബോട്ടിൽ കുടിവെള്ളം വിതരണം ചെയ്യുകയുമുണ്ടായി.
ശരിയാണ് , നാം ഒന്നാവേണ്ട, ഒന്നാവാനുമാവില്ല, ഒന്നിച്ചിരുന്നാൽ മതി