തേഞ്ഞിപ്പലം: ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിന് മുമ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന മലബാര്‍ വിദ്യാഭ്യാസ പാക്കേജ് ഉടന്‍ നടപ്പാക്കണമെന്ന് മലബാര്‍ എജുക്കേഷന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വിവിധ കോഴ്‌സുകളുടെ പ്രവേശനത്തിനും, സര്‍ക്കാര്‍ ജോലികള്‍ക്കുമായും നടത്തുന്ന പ്രവേശന പരീക്ഷകള്‍ക്ക് മലബാറില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണം. ദേശീയ തലത്തിലുള്ള പരീക്ഷകള്‍ക്ക് മുഴുവന്‍ പാര്‍ലമെന്റ് മണ്ഡലങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കേരളത്തില്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഓരോ ക്ലാസിലെയും പരമാവധി കുട്ടികളുടെ എണ്ണം 30 ആയും, സ്‌കൂളുകളിലെ ആകെ കുട്ടികളുടെ എണ്ണം ആയിരം ആയും നിജപ്പെടുത്തണം.
മലബാറിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ പാനല്‍ ഡിസ്‌കഷനില്‍ ഡോ. ഇസഡ് എ അഷ്‌റഫ് മോഡറേറ്ററായി. കെ പി സി സി സെക്രട്ടറി കെ പി നൗഷാദലി, ഡോ. എ കെ ഷാഹിന മോള്‍, എ എം അഷ്‌റഫ്, അന്‍വര്‍ സലാഹുദ്ദീന്‍, ഡോ. കെ പി ഫൈസല്‍, അഡ്വ. ഫൈസല്‍ ബാബു, എം എ മെഹ്ബൂബ്, നസീര്‍ ഹുസൈന്‍, ഡോ. കെ അബ്ദുല്‍ ഗഫൂര്‍, ഡോ. ഷിനോയ് ജെസിന്ത് എന്നിവര്‍ പങ്കെടുത്തു.
മലബാര്‍ എജുക്കേഷന്‍ മൂവ്‌മെന്റും, സി എച്ച് മുഹമ്മദ് കോയ ചെയറും സംഘടിപ്പിച്ച ദ്വിദിന മലബാര്‍ എജുക്കേഷന്‍ കോണ്‍ഗ്രസിന്റെ സമാപന സെഷന്‍ സിണ്ടിക്കേറ്റ് അംഗം മധു രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. ഡോ. കെ കെ എൻ കുറുപ്പ്, ഡോ. ടി അബ്ദുല്‍ കരീം, മൊയ്തീന്‍ കുട്ടി ഹാജി, പി പി അബ്ദുല്‍ ജലീല്‍, ഹമ്മാദ് അബ്ദുറഹ്‌മാന്‍,ഡോ. കെ എൻ സകരിയ, പ്രഫ. ഷാഹിന്‍ തയ്യില്‍, കെ കെ സകരിയ എന്നിവര്‍ സംസാരിച്ചു.