തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ – സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സംഘടനയായ സ്റ്റേറ്റ് പബ്ലിക് സെക്ടർ ആൻഡ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്‌സ് ഫെഡറേഷൻ – സ്പാറ്റൊയുടെ ആറാം സംസ്ഥാന സമ്മേളനം ആരംഭിച്ചു. കോടിയേരി ബാലകൃഷ്ണൻ – യെച്ചൂരി നഗറിൽ (എകെജി സെന്റർ ഹാൾ) നടക്കുന്ന സമ്മേളനത്തിൽ സ്പാറ്റോ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി സുധാകരൻ പതാക ഉയർത്തി.
രാവിലെ പത്തു മണിക്കു നടന്ന പൊതു സമ്മേളനം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കാര്യക്ഷമവും ലാഭകരവും അല്ല എന്ന ന്യായം പറഞ്ഞുകൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ വരെ വിറ്റഴിക്കുകയും പൊതുമേഖലയിൽ നിന്ന് സർക്കാർ പൊതുവേ പിൻവാങ്ങുകയും ചെയ്യുന്ന നിലപാടാണ് ബിജെപിയുടെയും കോൺഗ്രസിൻ്റെയും നേതൃത്വത്തിൽ വന്ന യൂണിയൻ സർക്കാരുകൾ കൈക്കൊണ്ടത്. ഈ തരത്തിൽ നവ-ഉദാരവൽക്കരണ നയങ്ങൾ സ്വീകരിച്ചതിന്റെ ഫലമായി വലിയ രീതിയിലുള്ള സാമ്പത്തിക അസമത്വവും വിലക്കയറ്റവും തൊഴിലില്ലായ്മയും ഈ രാജ്യത്തുണ്ടായി. 10 ലക്ഷത്തോളം തസ്തികകൾ രാജ്യത്ത് ഇന്ന് ഒഴിഞ്ഞു കിടക്കുകയാണ്. കേരളത്തിൽ ഇടതുപക്ഷ സർക്കാർ പൊതുമേഖലയുടെ സംരക്ഷണത്തിന് ആവശ്യമായ നയങ്ങളും നടപടികളും സ്വീകരിച്ചതിന്റെ ഫലമായി വലിയ ബദലാണ് മുന്നോട്ട് വയ്ക്കുന്നത്. 2025 ഓടെ അതി ദരിദ്രർ ഇല്ലാത്ത സംസ്ഥാനം എന്ന പദവി കൈവരിക്കുന്നതിനാണ് നാം ശ്രമിക്കുന്നത് എന്നദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുള്ള വലിയ പ്രകൃതി ദുരന്തങ്ങളുടെ ഭാഗമായി മറ്റെല്ലാ സംസ്ഥാനങ്ങൾക്കും അടിയന്തരമായി തന്നെയുള്ള സഹായം കേന്ദ്രസർക്കാർ അനുവദിക്കുകയുണ്ടായി. എന്നാൽ കേരളത്തോട് കേന്ദ്രസർക്കാർ കടുത്ത അവഗണനയാണ് കാണിക്കുന്നത്. വലതുപക്ഷത്തിന്റെയും ബിജെപിയുടെയും നയങ്ങൾ കേരളം സ്വീകരിക്കുന്നില്ല എന്നതിന്റെ ശിക്ഷ എന്ന മട്ടിലാണ് കേരളത്തോട് കേന്ദ്രം പെരുമാറുന്നത്. ഇതിനെതിരെ സംസ്ഥാനത്തിന്റെ ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇവിടുത്തെ കോൺഗ്രസോ ബിജെപിയോ ഒരക്ഷരം പോലും മിണ്ടുന്നില്ല എന്നതാണ് അതിലേറെ കൗതുകം. കേന്ദ്ര അവഗണനയ്ക്കും സാമ്പത്തിക നിയന്ത്രണങ്ങൾക്കും എതിരെ ശക്തമായ പോരാട്ടം ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
സ്‌പാട്ടൊ സംസ്ഥാന പ്രസിഡന്റ് വി സി ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പാറ്റൊ മുൻ സംസ്ഥാനകമ്മിറ്റി അംഗങ്ങളെ മുൻ ആരോഗ്യമന്ത്രി ശ്രീമതി. പി.കെ. ശ്രീമതി ടീച്ചർ ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. ജോയി എം എൽ എ സ്വാഗതം ആശംസിച്ചു. വിവിധ സർവീസ് സംഘടനാ നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്തു . ജെ സി ഡാനിയേൽ അവാർഡ് ജേതാവ് പ്രശസ്ത സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ കരുണിനെ സമ്മേളനത്തിൽ ആദരിച്ചു.
ഉച്ചയ്ക്ക് ആരംഭിച്ച പ്രതിനിധി സമ്മേളനം സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക സ്ഥാപനങ്ങളിലെ ഭരണ നിർവ്വഹണം എന്ന വിഷയത്തിൽ ബഹു. സാംസ്ക്കാരിക ഫിഷറീസ് യുവജനകാര്യ മന്ത്രി ശ്രീ. സജി ചെറിയാൻ പ്രഭാഷണം നടത്തി.
സമ്മേളനത്തിൽ അഞ്ഞൂറിലേറെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സ്പാറ്റൊയുടെ രജതജൂബിലി സമ്മേളനം കൂടിയാണിത്. സമ്മേളനത്തോടനുബന്ധിച്ച് വിവിധങ്ങളായ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. സമ്മേളനം നാളെ സമാപിക്കും.