മാളികപ്പുറം സിനിമ: അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയാ സഹായം

Cinema

കോഴിക്കോട്: മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തില്‍ നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ‘പുണ്യം’ എന്ന് നാമകരണം ചെയ്ത ഈ പദ്ധതിയുടെ ഭാഗമായി ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിന് പുറമെ റേഡിയേഷന്‍ തെറാപ്പിക്ക് 50% ഇളവ്, റോബോട്ടിക് സര്‍ജറി, ഓര്‍ത്തോ ഓങ്കോ സര്‍ജറി ഉള്‍പ്പെടെയുള്ള ഓങ്കോ സര്‍ജറികള്‍ക്കും കീമോതെറാപ്പിക്കും പ്രത്യേക ഇളവുകള്‍, 60 വയസിനു മുകളില്‍ പ്രായമായവര്‍ക്ക് തടസ്സങ്ങളേതുമില്ലാതെ ചികിത്സ ലഭ്യമാക്കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള മുന്‍ഗണനാ കാര്‍ഡ് തുടങ്ങിയ നേട്ടങ്ങളും ലഭ്യമാകും.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്ക് ഇതുപോലെ ഒരു ചികിത്സാ പദ്ധതി പ്രഖ്യാപിക്കുന്നത്. 30 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിന് ഒരു വ്യക്തിക്ക് ചെലവ് വരുന്നത്. മാളികപ്പുറം സിനിമയുടെ ലാഭവിഹിതത്തിന്റെ ഭാഗമായി നല്‍കുന്ന സാമ്പത്തിക സഹായവും, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഡി എം ഹെല്‍ത്ത് കെയറിന്റെയും സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കോഴിക്കോട് മലബാര്‍ പാലസില്‍ വെച്ച് നടന്ന ചടങ്ങില്‍ മാളികപ്പുറം സിനിമയുടെ നായകന്‍ ഉണ്ണി മുകുന്ദന്‍, ആസ്റ്റര്‍ മിംസ് കേരള & തമിഴ്‌നാട് റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, അഭിനേതാക്കളായ ബേബി ദേവനന്ദ, മാസ്റ്റര്‍ ശ്രീപദ്, സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗം തലവന്‍ ഡോ. കെ വി ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *