സാമുദായിക സൗഹാർദ്ദം തകർക്കുന്ന ദുശക്തികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം: ഐ.എസ്.എം

Malappuram

എടവണ്ണ: നാടിന്റെ സൗഹാർദ്ദാന്തരീക്ഷം തകർക്കുന്ന രീതിയിൽ ആസൂത്രണം ചെയ്ത് വിദ്വേഷ പ്രചരണം നടത്തുന്ന ദുശക്തികൾക്കെതിരെ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ നിരവധി രക്തസാക്ഷികളെ സംഭാവന ചെയ്ത
മുസ്‌ലിം സമുദായത്തോട് പാകിസ്താനിലേക്ക് പോകാൻ ആക്രോശിക്കുന്ന വർഗീയ വാദികൾ രാജ്യത്തിന്റെ പൂർവ്വകാല ചരിത്രം വക്രീകരിക്കാൻ ശ്രമിക്കുകയാണെന്നും അതിനെതിരെ മതേതര സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

അന്യ മത ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സമൂഹത്തിന് യാതൊരു ഉപകരാവുമില്ലാത്ത ചർച്ചകയിലൂടെ ഇസ്‌ലാമോ ഫോബിയക്ക് വഴി മരുന്നിടുന്നവരെ ബന്ധപ്പെട്ടവർ നിയന്ത്രിക്കണമെന്നും കൗൺസിൽ യോഗം കൂട്ടിച്ചേർത്തു.

എടവണ്ണ ജാമിഅഃ നടവിയ്യ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംസ്ഥാന കൗൺസിൽ കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, എപി അനിൽ കുമാർ എം എൽ എ , കെ എൻ എം വൈസ് പ്രസിഡണ്ട് പി.പി ഉണ്ണീൻ കുട്ടി മൗലവി , പി.വി ആരിഫ്,കെ.എം.എ അസീസ്, ബരീർ അസ്‌ലം, സുബൈർ പീടിയേക്കൽ, ഷാഹിദ് മുസ്‌ലിം ഫാറൂഖി, അഹമ്മദ് അനസ് മൗലവി, അബ്ദുൽ ജലീൽ മാമാങ്കര, സെയ്തു മുഹമ്മദ് കുരുവട്ടൂർ, ശിഹാബ് തൊടുപുഴ, നൗഷാദ് കരുവണ്ണൂർ എന്നിവർ വിവിധ സെഷനുകളിലായി പ്രസംഗിച്ചു.

ആദർശ യൗവനം ആത്മാഭിമാനം എന്ന പ്രമേയത്തിൽ മണ്ഡലം സമ്മേളനം,റമദാൻ ക്യാമ്പയിൻ എന്നിവക്ക് കൗൺസിൽ അന്തിമരൂപം നൽകി.