മനുഷ്യ-വന്യജീവി സംഘർഷം: മന്ത്രി ഒ.ആർ. കേളുവിന്‍റെ പ്രസ്താവന സ്വാഗതാർഹം

Wayanad
സുല്‍ത്താന്‍ ബത്തേരി: മനുഷ്യ- വന്യജീവി സംഘർഷം വീണ്ടും രൂക്ഷതരമായ സാഹചര്യത്തിൽ വയനാട്ടിൽ വനമേഖലയിലൂടെയും വന്യജീവി പ്രശ്നങ്ങളുളള വനപരിസരങ്ങളിലൂടെയുമുള്ള അനാവശ്യ യാത്രകളും രാത്രിയാത്രയും ഒഴിവാക്കണമെന്ന മന്ത്രി ഓ .ആർ. കേളുവിൻ്റെ പ്രസ്താവന വയനാട്ടിലെ സ്ഥിതിഗതികളുടെ സത്യാവസ്ഥ അറിയുന്ന ഒരു ഭരണാധികാരിയുടെ സത്യസന്ധവും സധൈര്യവുമായ നിലപാടടെന്ന നിലയിൽ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. 

വനത്തിനും വന്യജീവികൾക്കും വനം വകുപ്പുജീവനക്കാർക്കും എതിരെ വിദ്വേഷവും കിംവദന്തികളും പ്രചരിപ്പിക്കുന്ന കർഷക രക്ഷാ വേഷം കെട്ടിയ സ്വതന്ത്ര കർഷക സംഘനകളേയും ചില മത സംഘടനകളെയും തുറന്നു കാണിക്കാൻ കേളുവിനെപ്പോലുള്ള അധികാരികൾ രംഗത്തുവരണം. മാന്യമായും അന്തസ്സായും ജോലി ചെയ്യാനുള്ള മൌലികാവകാശം ലോകമാകെ അംഗീകരിക്കപ്പെട്ടതാണെങ്കിലും വയനാടടക്കമുള്ള വനമേഖലയിൽ വനം വകുപ്പ് ജീവനക്കാർക്ക് ഒരു കൂട്ടർ അത് നിഷേധിച്ചിരിക്കുന്നു. ഡി എഫ് ഒ മാരൂടെയും റെയിഞ്ചർ മാരുടെയും ഓഫീസിൽ നാലോ അഞ്ചോ പേർ ചേർന്ന് നിവേദനംനടത്തുകയും വന്യജീ പ്രശ്നം പരിഹരിക്കാനുള്ള നിർദ്ദേശം ചർച്ച ചെയ്യുകയും ചെയ്യുന്നതിൻ്റെ ഫോട്ടോകൾ എടുത്ത് ഓഫീസറെ ബന്ധിയാക്കി തീതമാനമെടുപ്പിച്ചെന്ന കള്ളവാർത്തകൾ പത്ര-ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പരിഹാസ്യമായ രീതി വയനാട്ടിൽ അടുത്തകാലത്ത് കൂടി വരികയാണ്.

വയനാട്ടിൽ തഴച്ചു വളർന്നുകൊണ്ടിരിക്കുന്ന അനിയന്ത്രിത ടൂറിസം കാടിന്നുള്ളിനുളളിലും വനമേഖലയിലും നാൾക്കുനാൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. രാത്രിയെന്നോ പകലെന്നോ നിരോധിതമേഖലയെന്നോ വ്യത്യാസമില്ലാതെ ടൂറിസ്റ്റുകൾ അഴിഞ്ഞാടിക്കൊണ്ടിരിക്കുകയാണ്. കാട്ടിനുള്ളിലൂടെയുള്ള റോഡിൽ നിയമവിരുദ്ധ ട്രക്കിംഗും രാത്രികാല സഫാരികളും യഥേഷ്ടം നടക്കുന്നു. ഇതെല്ലാം വന്യജീവി പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. അത്തരം പ്രവൃത്തികൾ അവസാനിപ്പിക്കാനും മന്ത്രി മുൻകൈയെടുക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു. 

സമിതി യോഗത്തിൽ എം. ഗംഗാധരൻ അധ്യക്ഷം വഹിച്ചു. ബാബു മൈലമ്പാടി, എ.വി. മനോജ്, എൻ.ബാദുഷ, തോമസ്സ് അമ്പലവയൽ, സി.എ. ഗോപാലകൃഷ്ണൻ, പി.എം സുരേഷ്, ഒ.ജെ . മാത്യൂ, സണ്ണി മരക്കടവ്, രാധാകൃഷ്ണലാൽ പ്രസംഗിച്ചു.