കോഴിക്കോട്: വർഗീയ പരാമർശങ്ങൾ നടത്തിയും മറ്റും നാടിന്റെ സമാധാനാന്തരീക്ഷം കെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ മതേതര കൂട്ടായ്മ ശക്തമാവേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് ‘മതേതരമാണ് മണ്ണും മനസ്സും മാതൃകയാണ് കേരളം’ എന്ന തലക്കെട്ടിൽ കോഴിക്കോട്ട് നടന്ന ഐ.എസ്.എം മാനവിക സംഗമം അഭിപ്രായപ്പെട്ടു.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അതി മഹത്തായ പാരമ്പര്യമാണ് നമ്മുടെ നാട് കാത്തുസൂക്ഷിക്കുന്നത്. അതിന് ഭംഗം വരുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന വർക്കെതിരെ മുഖം നോക്കാതെയുള്ള നിയമ നടപടികളുണ്ടാവണം.
രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരനിലും അഭിമാന ബോധമുണർത്തുന്നതാണ്. അത് വിഭാവന ചെയ്യുന്ന ഉന്നത മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ മതേതര ജനാധിപത്യ സ്നേഹികൾ ചേർന്നു നിൽക്കണം.
രാജ്യം എഴുപത്തിയാറാം റിപബ്ലിക് ദിനത്തിലെത്തുന്ന വേളയിൽ ഭരണഘടനക്കെതിരെയുള്ള ഏതു വെല്ലുവിളിയെയും നേരിടാൻ നാടിന്റെ പ്രതീക്ഷകളായ യുവസമൂഹം മുന്നോട്ടു വരണമെന്നും
സമ്മേളനം ആഹ്വാനം ചെയ്തു.
കെ.എൻ.എം സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദുർറഹ് മാൻ മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന ട്രഷറർ കെ.എം.എ അസീസ് അധ്യക്ഷത വഹിച്ചു. ഷിയാസ് മാസ്റ്റർ വിഷയാവതരണം നടത്തി. സാഹിത്യകാരൻ ഡോ:.കെ.പി രാമനുണ്ണി, മാധ്യമ പ്രവത്തകൻ പ്രമോദ് രാമൻ, ഐ.എസ്.എം ജന: സെക്രട്ടറി ശുക്കൂർ സ്വലാഹി,എം ഗിരീഷ് (സി.പി.ഐ.എം) നിജേഷ് അരവിന്ദ് (കോൺഗ്രസ് ), മിസ്ഹബ് കീഴരിയൂർ(മുസ്‌ലിം ലീഗ്), അബ്ദുസ്സലാം വളപ്പിൽ (കെ.എൻ.എം) ഐ.എസ് എം വൈസ് പ്രസിഡണ്ട് റഹ് മത്തുല്ല സ്വലാഹി, ജില്ലാ ഭാരവാഹികളായ ജുനൈദ് സലഫി, ഹാഫിസുർ റഹ്മാൻ മദനി എന്നിവർ പ്രസംഗിച്ചു.