അഷറഫ് ചേരാപുരം
ദുബൈ: മലയാളിയുടെ ഗൃഹാതുരതയുടെ കവി പി ടി അബ്ദുറഹിമാന്‍ ഓര്‍മയായിട്ട് രണ്ടു പതിറ്റാണ്ട് പിന്നിടുന്നു. 1940 മെയ് 15ന് കോഴിക്കോട് ജില്ലയിലെ വടകരയില്‍ എ വി ഇബ്രാഹീമിന്റെയും പി ടി ആയിഷയുടേയും മകനായി ജനിച്ച പി.ടിയുടെ കവിതകളോ ചലച്ചിത്ര ഗാനങ്ങളോ മാപ്പിളപ്പാട്ടുകളോ ഒരു തവണയെങ്കിലും മൂളാത്ത മലയാളിയില്ല. തേന്‍തുള്ളി എന്ന ചലചിത്രത്തില്‍ കെ. രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്‍കി വി.ടി. മുരളി ആലപിച്ച പി.ടിയുടെ പ്രശസ്തഗാനമാണ് ‘ഓത്തുപള്ളീലന്ന് നമ്മള്‍…’ എന്നു തുടങ്ങുന്ന ഗാനം.
ഓത്തു പള്ളീലന്നു നമ്മള്‍ എന്ന് തുടങ്ങുന്ന കവിത പി ടി അബ്ദുറഹ്മാന്‍ എഴുതിയപ്പോള്‍ അതിന് ഗസല്‍ ആലാപനത്തിന്റെ ശൈലിയില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു പാടിയത് സംഗീത സംവിധായകനും ഗായകനുമായിരുന്ന വടകര കൃഷ്ണദാസ് ആയിരുന്നു. പിന്നീടാണ് അത് രാഘവന്‍ മാഷുടെ സംഗീത സംവിധാനത്തില്‍ മുരളിയുടെ ശബ്ദത്തില്‍ ചലച്ചിത്രത്തില്‍ എത്തുന്നത്. കവിതാസമാഹാരങ്ങള്‍ക്കു പുറമെ ആറ് ചലച്ചിത്രങ്ങള്‍ക്കായി പതിനേഴ് ഗാനങ്ങള്‍ പി.ടി. എഴുതിയിട്ടുണ്ട്. നീലദര്‍പ്പണം,രാഗമാലിക,യാത്രികര്‍ക്ക് വെളിച്ചം, വയനാടന്‍ തത്ത, സുന്ദരിപ്പെണ്ണും സുറുമകണ്ണും, കറുത്തമുത്ത് മുത്ത് തുടങ്ങിയവ അദ്ദേഹത്തിന്റെ കാവ്യങ്ങളാണ്. എന്‍.എന്‍. കക്കാട് പുരസ്‌കാരം, ചങ്ങമ്പുഴ പുരസ്‌കാരം, കുവൈത്ത് കള്‍ചറല്‍ സെന്ററിന്റെ സി.എച്ച്. അവാര്‍ഡ്, ദുബൈ മലയാളികള്‍ നല്‍കിയ മാല അവാര്‍ഡ് തുടങ്ങി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചു.
ഇത്രയധികം മലയാളികളുടെ മനസില്‍ സ്ഥാനമുണ്ടായിട്ടും വേണ്ടത്ര അംഗീകാരമോ പരിഗണനയോ പി.ടി അബ്ദുറഹിമാന് ലഭിച്ചിരുന്നില്ല. അതിലൊന്നും പരിഭവമില്ലാതെ തന്റെ വിശ്വാസങ്ങളിലും ആദര്‍ശങ്ങളിലും അടിയുറച്ച് നിന്ന് വിടവാങ്ങുകയായിരുന്നു പി.ടി. വടകര താഴങ്ങാടയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. കുഞ്ഞായിശയാണ് ഭാര്യ.മക്കളില്ലാത്ത പിടിക്ക് നസീമയെന്ന ഒരു വളര്‍ത്തു മകളുണ്ട്. ഹോമിയോ ഡോക്ടറായി പ്രാക്റ്റീസ് ചെയ്യുന്ന നസീമ പി.ടിയുടെ ഓര്‍മകളിലും സ്‌നേഹവാത്സല്യങ്ങളുടെ സ്മരണയിലുമാണിപ്പോഴും. രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ഫെബ്രുവരി ഒന്‍പതിനാണ് പി.ടി അബ്ദുറഹിമാന്‍ വിടവാങ്ങിയത്.