കോഴിക്കോട്: ഇന്നലെ എൻ്റെ ഒരു സുഹൃത്ത് ഒരു മതപ്രഭാഷണ വീഡിയോ അയച്ച് തന്നു. കൂടെ ഒരു കുറിപ്പും. ബഹുമാനപ്പെട്ട ഉസ്താദുമാരെ! ഇതിലേക്കാണോ നിങ്ങൾ ഞങ്ങളെ ക്ഷണിക്കുന്നത് ? തൽക്കാലം വരാൻ മനസ്സില്ല കേട്ടോ എന്നാണ് കുറിപ്പ്.
ഞാനത് കണ്ടു, വായിച്ചു, കേട്ടു. ഉത്തമ സമുദായം എന്ന് ഖുർആൻ വിശേഷിപ്പിച്ച സമുദായത്തിൻ്റെ അവസ്ഥയെക്കുറിച്ച് കുറേ സമയം വേദനയോടെ ചിന്തിച്ചിരുന്നു. എനിക്ക് ആ കുറിപ്പ് അയച്ച് തന്ന ആളെ കുറ്റപ്പെടുത്താനാവില്ല എന്ന്
ആ വീഡിയോ കണ്ടാൽ ആരും പറഞ്ഞു പോവും. മുന്നിൽ ഒരു ശത്രുവിനെ നിർത്തി പറയുന്നത് പോലെയാണ് അവതരണം. വാശിയും വക്കാണവും അട്ടഹാസവും ആക്രോശവും. ഇങ്ങനെയുണ്ടോ ഒരു മതോപദേശം.
ചിലർക്ക് അങ്ങനെയേ പ്രസംഗിക്കാനാവൂ. കേൾക്കാൻ വന്നവരും മോശക്കാരല്ല. സദസ്സിൽ നിന്ന് സ്റ്റേജിലേക്ക് ഇരച്ച് കയറാൻ ശ്രമിക്കുന്ന ശ്രോതാക്കളെയും ആ വീഡിയോവിൽ കണ്ടു !!!
ഇത് പോലെ എത്രയെത്ര പരിപാടികൾ. എല്ലാം മതത്തിൻ്റെ പേരിൽ. പൊതു സമൂഹത്തിൻ്റെ മുമ്പിൽ വില നഷ്ടപ്പെട്ട ഇത്തരക്കാർ അപ്പോഴും പറയും മതം ഉന്നത സംസ്കാരമാണ്, സമാധാനമാണ്, എൻ്റെ പ്രസ്ഥാനം സമാധാനത്തിന്ന് വേണ്ടിയാണ് നിലകൊള്ളുന്നത് എന്നെല്ലാം. ഇതെല്ലാം വെറും തമാശകൾ മാത്രം .
അമേരിക്ക പറയാറുള്ളത് പോലെയാണിത്. ലോകത്ത് നടക്കുന്ന എല്ലാ ചെറുത്ത് നിൽപ്പുകളും ഭീകരതയാണെന്നാണ് അമേരിക്ക പറയാറ്. എന്നാൽ അമേരിക്ക നടത്തുന്ന അക്രമങ്ങളും യുദ്ധങ്ങളും സമാധാനത്തിന് വേണ്ടിയാണ് എന്നും അമേരിക്ക തന്നെ വിശദീകരിക്കും.
സമുദായത്തിലെ വാശിക്കാരായ ഉസ്താദുമാരുടെയും കൂടെയുള്ള വികാര ജീവികളുടെയും അപക്വമായ ഈ പരിപാടിയുടെ ആ വീഡിയോ കണ്ട് ലജ്ജിച്ച് തല താഴത്തിപ്പോയി. അവർ ജയിച്ചു എന്ന് അവർക്ക് സമാധാനിക്കാം. പക്ഷെ, ഇവിടെ പരാജയപ്പെടുന്നത് ഇസ്ലാം ആണെന്ന് അവർക്ക് മനസ്സിലാവുന്നില്ല.
ഇന്നിപ്പോൾ അവരെ ന്യായീകരിക്കുന്ന മെസ്സെജുകൾ വന്ന് തുടങ്ങിയിട്ടുണ്ട്. അതിങ്ങനെയാണ്: അൽഹംദു ലില്ലാഹ് , അല്ലാഹു അക്ബർ , നമ്മുടെ ഉസ്താദ് ഉശിരോടെ വിഷയം അവതരിപ്പിച്ചു. നമുക്ക് ആദർശമാണ് വലുത്. നമ്മുടെ ശക്തമായ വെല്ലുവിളികൾക്ക് മുന്നിൽ എതിരാളികൾ പരാജയപ്പെട്ടിരിക്കുന്നു. നാം വിജയിച്ചു. ഇത്തരം പരിപാടികൾ തുടരുക തന്നെ ചെയ്യും, ഇൻ ശാ അല്ലാഹ് .
എന്നാൽ മറുപക്ഷം പറയുന്നത് ആ പ്രസംഗകൻ കളവ് പറഞ്ഞു, കിതാബിലെ ഇബാറത്തുകൾ കട്ട് മുറിച്ചു, ദുർവ്യാഖ്യാനം ചെയ്തു . ഞങ്ങളതെല്ലാം കയ്യോടെ പിടി കൂടി. അയാൾ കണ്ടം ചാടി ഓടി… അൽ ഹംദുലില്ലാഹ് അല്ലാഹു അക്ബർ എന്നെല്ലാമാണ്. ഇതെല്ലാം കേട്ട് അന്ധാളിച്ച് നിൽക്കുന്ന പാവം പൊതുജനം. ഇടക്കിടെ അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ ഇൻ ശാ അല്ലാഹ് എന്നെല്ലാം പറഞ്ഞാൽ നന്നാവുന്നതാണോ അവർ പ്രചരിപ്പിക്കുന്ന വിഷലിപ്തമായ ഈ പ്രസംഗങ്ങളും തദ്ഫലമായുണ്ടാവുന്ന കലഹങ്ങളും.
ഞാൻ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സൗദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത് ഉൾപ്പെടെ നിരവധി രാഷ്ട്രങ്ങളിലുമുള്ള പണ്ഡിതൻമാരുമായി അടുത്ത് ബന്ധപ്പെട്ടിട്ടുണ്ട്. അവരുടെ ക്ലാസുകളിരുന്നിട്ടുണ്ട്, പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്, സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
അവിടങ്ങളിലെ ഇസ്ലാമിക സ്ഥാപനങ്ങളും വിദ്യാഭ്യാസ കേന്ദ്രങ്ങളും സന്ദർശിച്ചിട്ടുണ്ട്. അവിടെയുമുണ്ട് അഭിപ്രായ വ്യത്യാസങ്ങൾ. എന്നാൽ അവർ അത് പറയുന്നതും വിശദീകരിക്കുന്നതും പണ്ഡിതോചിതവും പക്വവും മാന്യവുമായ ശൈലിയിലാണ്. പരസ്പര ബഹുമാനം കാത്തു സൂക്ഷിച്ച് കൊണ്ടാണ്. അതാണ് പണ്ഡിതന്മാരുടെ മഹനീയ സ്വഭാവം. നമ്മുടെ കേരളത്തിലെ ഈ അക്രമസ്വഭാവം അവരിൽ കണ്ടിട്ടില്ല. ഇവിടെ അതെങ്ങനെയുണ്ടായി എന്നറിയില്ല.
ഇസ്ലാമിനെ പറഞ്ഞ് കൊടുക്കേണ്ടത് യുക്തി ദീക്ഷയോടെയും സദുപദേശം മുഖേനയും
ആയിരിക്കണം എന്ന് ഖുർആൻ പറയുന്നുണ്ട്. (സൂറത്തുന്നഹ്ൽ / 125 ) ധിക്കാരിയായ ഫറോവയോട് സംസാരിക്കാൻ പോവുന്ന മൂസാ നബിയോടും ഹാറൂൺ നബിയോടും, നിങ്ങൾ അവനോട് സൗമ്യമായ വാക്ക് പറയണം എന്നാണ് അല്ലാഹു കൽപിച്ചത്. (സൂത്തു ത്വാഹാ /44) മതം ഗുണകാംക്ഷയാണ്.
നിങ്ങൾ സന്തോഷം നൽകുക , ആരെയും അകറ്റരുത്, അല്ലാഹു മുഹമ്മദ് നബി (സ) യെ അയച്ചത് വിശിഷ്ഠ സ്വഭാവങ്ങൾ പഠിപ്പിക്കാനാണ് എന്ന് തുടങ്ങിയ ഹദീസുകളെല്ലാം അവർക്കറിയാം. അതൊക്കെ പറയാൻ മാത്രമുള്ളതായിത്തീർന്നിരിക്കുന്നു.
മുമ്പൊക്കെ ഇത്തരം ശബ്ദശല്യങ്ങൾ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് അവസാനിക്കുമായിരുന്നു. എന്നാലിന്ന് സോഷ്യൽ മീഡിയയുടെ കാലത്ത് പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഇതൊക്കെ വീണ്ടും പൊന്തിവരും,
സമുദായത്തിന് മൊത്തത്തിൽ ദുഷ് പേരുണ്ടാക്കിക്കൊണ്ടേയിരിക്കും. കഷ്ടം എന്നല്ലാതെ എന്ത് പറയാം. മതോപദേശങ്ങൾ ശാന്തമാവണം. സന്തോഷമാവണം. വാദിക്കാനും ജയിക്കാനുമാവരുത് , അറിയാനും അറിയിക്കാനുമാവണം. മതപ്രഭാഷണങ്ങൾ മത്സരവേദികളാക്കരുത്.
ആഭ്യന്തര കലഹം മൂലമാണ് സ്പെയിൻ ഉൾപ്പെടെയുള്ള നാടുകളിൽ മുസ്ലിംകൾക്ക് എല്ലാം നഷ്ടപ്പെട്ട് അവർ അനാഥരായി പോയത് എന്ന വസ്തുത മറക്കരുത്. ഈ കോലാഹലത്തിൽ ആര് ജയിച്ചാലും പരാജയപ്പെടുന്നത് ഇസ്ലാം മാത്രമാണ്.
നാം പരാജയപ്പെട്ടാലും ഇസ്ലാം പരാജയപ്പെടരുത് എന്ന ഒരു ചിന്തയാണ് നമുക്കുണ്ടാവേണ്ടത്.