പുളിക്കൽ മദീനത്തുൽ ഉലൂം ദഅ് വ : 25 വാർഷിക സമ്മേളനത്തിന് ഉജ്വല തുടക്കം
പുളിക്കൽ: കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന വഖഫ് നിയമ ഭേദഗതിനിയമം ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്നും സർക്കാർ അതിൽ നിന്ന് പിന്മാറണമെന്നും കെ എൻ എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ ഹുസൈൻ മടവൂർ പ്രസ്താവിച്ചു.
വഖഫ് സ്വത്തുക്കൾ വിശ്വാസികൾ തന്നെ കൈകാര്യം ചെയ്യണമെന്നും അതിനുമേൽ അന്യായമായി കടന്നുകയറാനുള്ള ഏതു ശ്രമങ്ങളെയും ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് എം.എസ്.എം – എം.ജി.എം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദഅ്‌വ : 25 വാർഷിക സമ്മേളനം എംസിസി നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മതവിശ്വാസികൾക്കും അവരുടെ മതനിയമങ്ങളനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പ് വരുത്തിയിട്ടുണ്ട്. വഖ്ഫ് മുസ്ലിംകളുടെ മതപരമായ കാര്യമാണ്. അതിൽ കൈ കടത്തുന്നത് അനുവദിക്കില്ലെന്ന് ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബേഡ് വ്യക്തമാക്കിയ കാര്യം ലോ ബോർഡ് അംഗവും കൂടിയായ ഡോ. മടവൂർ പറഞ്ഞു. കലാലയങ്ങളെ സ്വർഗീയമാക്കാൻ കിരാതങ്ങളിൽ അഭയം തേടുന്ന കൗമാരം സമകാലിക സമൂഹത്തിന്റെ സ്വൈര ജീവിതത്തിനുള്ള കനത്ത വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രണയം അതിന്റെ സർവ സീമകളും ലംഘിച്ച് അധാര്‍മികതകളുടെ അകമ്പടിയില്‍ അടിച്ചുപൊളിക്കുന്ന പുതുതലമുറ ദിശയറിയാതെ നാശഗര്‍ത്തങ്ങളിലേക്ക് കൂപ്പുകുത്തുകയാണ്. ഉന്നത വിദ്യാഭ്യാസ കലാലയങ്ങളില്‍ പലതിലും സര്‍ക്കാരുകള്‍ക്ക് പോലും നിയന്ത്രിക്കാനാവാത്ത വിധം നിയമവാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. മാരകായുധങ്ങളുമായി ക്യാംപസുകളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്നത് ആരായാലും ചരിത്രം അവര്‍ക്ക് മാപ്പു തരില്ലെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാന്തങ്ങള്‍ക്കപ്പുറം ധാര്‍മികവും ആദര്‍ശനിബദ്ധവുമായ പ്രായോഗിക ജീവിതത്തിലൂടെ പുതു വിദ്യാര്‍ഥിത്വത്തെ വഴിനടത്തണം. ജീര്‍ണതക്കും തീവ്രതക്കും മദ്ധ്യേ ഇസ്‌ലാമിന്‍റെ തനതായ വഴി തെരഞ്ഞെടുത്തവര്‍ക്ക് അപരനെ നിഷ്ടൂരമായി നോവിച്ച് ആനന്ദിക്കാനാവില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളേജ് അറബിക് വിഭാഗം മേധാവി ഡോ. ബഷീർ മാഞ്ചേരി അധ്യക്ഷത വഹിച്ചു. കെ എൻ എം സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദുറഹ്മാൻ മദനി, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി അബ്ദുഷുകൂർ സ്വലാഹി, ബഷീർ പട്ടേൽതാഴം എന്നിവർ “കാതലുള്ള വിദ്യാർത്ഥിത്വം”, “ഖുർആൻ വിളിക്കുന്നു” എന്നീ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നിർവഹിച്ചു. കെ എൻ എം ജില്ലാ പ്രസിഡണ്ട് പി കെ ഇസ്മായിൽ എൻജിനീയർ, സെക്രട്ടറി ടി. യൂസഫലി സ്വലാഹി, എൻ കുഞ്ഞിപ്പ മാസ്റ്റർ, എം എസ് എം ജില്ലാ സെക്രട്ടറി ഷഫീഖ് സ്വലാഹി ഉദ്ഘാടന സെഷനിൽ സംബന്ധിച്ചു.
‘കരുത്തുള്ള വിശ്വാസം, കാതലുള്ള വിദ്യാർഥിത്വം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെടുന്ന സ്റ്റുഡൻറ്സ് ടോക്കിൽ ടി.വി. ഇബ്രാഹിം എം.എൽ.എ. മുഖ്യാതിഥിയായി.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് (ശനി) രാവിലെ നടക്കുന്ന ഹദീസ് പാഠം സെഷന് ഡോ. സി.പി. ഷഫീഖ് മദനി നേതൃത്വം നൽകും. എംജിഎം വിദ്യാർഥിനികൾ സംഘടിപ്പിച്ച വിമൻസ് എക്സ്പോ ഡോ. ഹുസ്ന കെ (കോംട്രസ്റ്റ് ഹോസ്പിറ്റൽ കോഴിക്കോട്) ഉദ്ഘാടനം ചെയ്യും.
വൈകിട്ട് പി.ടി.എ സെമിനാർ ഹാളിൽ നടക്കുന്ന ലീഡേഴ്സ് മീറ്റ് എംഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ മദനി ഉദ്ഘാടനം ചെയ്യും. യുവജന സമ്മേളനത്തിൽ ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ അബ്ദുല്ലക്കോയ മുഖ്യാതിരിയാവും. കാലം തേടുന്ന ദൗത്യം എന്ന വിഷയത്തിൽ ഡോ. സി എം സാബിർ നവാസ് മദനി, പി.കെ സകരിയ്യ സ്വലാഹി യുവജന സമ്മേളനത്തിൽ മുഖ്യപ്രഭാഷണങ്ങൾ നിർവഹിക്കും.
നാളെ (ഞായർ) രാവിലെ നടക്കുന്ന ഹദീസ് പാഠം സെഷന് ഡോ. വി നിഷാദലി മദനി നേതൃത്വം നൽകും.
കുരുന്നുകൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന കളിച്ചങ്ങാടം ബാല സമ്മേളനം കെ എൻ എം വിദ്യാഭ്യാസ ബോർഡ് മുഫത്തിശ് സി കെ മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യും. ഡോ. സൈഫുദ്ദീൻ സ്വലാഹി, അബ്ദുസ്സലാം അൻസ്വാരി കുട്ടികളുമായി സംവദിക്കും. രാവിലെ പത്തിന് തൻശീത്വ് സ്റ്റുഡൻസ് വർക്ക് ഷോപ്പിന് നസീറുദ്ദീൻ റഹ്മാനി, ഫഹദ് ബിൻ റഷീദ് മദനി നേതൃത്വം നൽകും. ഉച്ചക്ക് നടക്കുന്ന പഠന ക്ലാസിൽ അബ്ദുൽ മജീദ് സുഹ് രി പ്രസംഗിക്കും. കുടുംബ സമ്മേളനം കോളേജ് മാനേജിങ് കമ്മിറ്റി പ്രസിഡണ്ട് പി മുഹിയുദ്ദീൻ മദനി ഉദ്ഘാടനം ചെയ്യും. കാവലാകുന്ന കുടുംബം എന്ന വിഷയത്തിൽ ജലീൽ മാമാങ്കര, ശൗക്കത്തലി അൻസാരി പ്രഭാഷണങ്ങൾ നിർവഹിക്കും.
ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന പൊതു സമ്മേളനം കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ. പി. അബ്ദു റഷീദ് അധ്യക്ഷത വഹിക്കും. കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി ഹനീഫ് കായക്കൊടി, കെ.ജെ.യു. അസിസ്റ്റൻറ് സെക്രട്ടറിമാരായ ഡോ. എൻ. മുഹമ്മദലി അൻസ്വാരി, ടിപി അബ്ദുറസാഖ് ബാഖവി, ഡോ. മുനീർ മദനി, ശാഹിദ് മുസ്‌ലിം ഫാറൂഖി എന്നിവർ സമാപന സമ്മേളനത്തിൽ പ്രഭാഷണം നിർവഹിക്കും.