കല്പറ്റ: വീണ്ടും അടിയോരുടെ പെരുമൻ്റെ രക്തസാക്ഷിദിനം കടന്നുവരികയാണ്. വസന്തത്തിന്റെ ഇടിമുഴക്കത്തിന് വയനാട്ടിൽ നേതൃത്വം നൽകിയ സ: വർഗീസിനെ വ്യാജ ഏറ്റുമുട്ടലിൽ ഭരണകൂടത്തിന്റെ വേട്ട നായ്ക്കൾ കൊല ചെയ്യുകയായിരുന്നു. മഹത്തായ നക്‌സൽബാരി കാർഷിക വിപ്ലവത്തിന്റെ മുദ്രാവാക്യമുയർത്തിക്കൊണ്ട് ഭൂപ്രഭുക്കൾക്കും സാമ്രാജ്യത്വ ദല്ലാളുകളായ ഭരണകൂട ശക്തികൾക്കുമെതിരെ ആദിവാസികൾ ഉൾപ്പെടെയുള്ള വിശാലബഹുജനങ്ങളെ അണിനിരത്തി ക്കൊണ്ട് വയനാട്ടിൽ നിലനിന്നിരുന്ന വല്ലി സമ്പ്രദായത്തിനും അടിമകച്ചവടത്തിനെതിരായിട്ടും കൂലി വർദ്ധനവിനും കർഷക കുടിയിറക്കിനെതിരെയും മറ്റും എണ്ണമറ്റ സമരങ്ങൾ സ:വർഗീസിന്റെയും പ്രസ്ഥാനത്തിൻ്റെയും നേതൃത്വത്തിൽ നടക്കുകയുണ്ടായി. സഖാവിന്റെ രക്തസാക്ഷിത്വത്തിന് 55 വർഷങ്ങൾ കഴിയുമ്പോൾ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാവുകയും രാജ്യം മതരാഷ്ട്രവാദികളായ നവ ഫാസിസ്റ്റുകളുടെ നിയന്ത്രണത്തിലുമായിരിക്കുകയാണ്.
നവലിബറൽ സാമ്പത്തിക നയങ്ങൾ അതിവേഗം നടപ്പാക്കിക്കൊണ്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ രാജ്യത്തിൻ്റെ മുഴുവൻ പൊതുമേഖലയും ഖനിജ ജൈവ സമ്പത്തും നാടൻ – മറുനാടൻ കോർപ്പറേറ്റുകൾക്ക് അടിയറ വെക്കുകയാണ്. പൗരത്വ നിയമഭേദഗതിയും കർഷക മാരണ നിയമങ്ങളും ലേബർ കോഡുകളും നടപ്പാക്കി ജനങ്ങളെ പതിന്മടങ്ങ് ദുരിതത്തിലാഴ്ത്തുവാനുമുള്ള ശ്രമത്തിലുമാണ്.
സിപിഐ(എം), സിപിഐ കക്ഷികൾ നേതൃത്വം നൽകുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരും കേന്ദ്ര നയങ്ങളുടെ നടത്തിപ്പുകാരായി മാറിയിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖം, കെ റയിൽ, കെ ഫോൺ, വയനാട് തുരങ്കപാത, ചീമേനി ആണവനിലയം, കെഎസ്ആർടിസി, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ള മേഖലയിലെ സ്വകാര്യവത്ക്കരണം തുടങ്ങി നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ ഇടതു വിഭാഗീയതയ്ക്കും വലതുപക്ഷ അവസരവാദ നയങ്ങൾക്കുമെതിരെ പോരാടിക്കൊണ്ട് കോടാനുകോടി വരുന്ന തൊഴിലാളി-കർഷക ബഹുജനങ്ങളുടെ വിമോചനത്തിനുവേണ്ടിയും ജാതി-വർഗ രഹിതമായ ഒരു പുത്തൻ ജനാധിപത്യ ഇന്ത്യയ്ക്കു വേണ്ടിയുള്ള പോരാട്ടം തുടരുവാനും ശക്തമാക്കാനുമുള്ള പ്രതിജ്ഞ പുതുക്കുവാനുമുള്ള ആഹ്വാനമാണ് സഖാവിൻ്റെ രക്തസാക്ഷിത്വം നമ്മളോട് അവശ്യപ്പെടുന്നത്. ഫെബ്രുവരി 17ന് വൈകു. 5 മണിക്ക് മാനന്തവാടിയിൽ വെച്ച് നടത്തുന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.