സ്മാര്‍ട്ട് മീറ്റര്‍ വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ നയം തിരുത്തണം: ആര്‍ ചന്ദ്രശേഖരന്‍

News

നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

തിരുവനന്തപുരം: സ്മാര്‍ട്ട് മീറ്റര്‍ വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ നയം തിരുത്തണമെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം നടപ്പാക്കുന്നത് നാടിന് വേണ്ടിയോ ഭരണകര്‍ത്താക്കള്‍ക്ക് വേണ്ടിയോ ആണെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) ആഭിമുഖ്യത്തില്‍ പട്ടം വൈദ്യുതി ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കാന്‍ ആദ്യഘട്ടത്തില്‍ തീരുമാനം എടുത്ത ഓഫിസുകളില്‍ പോലും ഉപഭോക്താക്കളുടെ താരിഫ് നിര്‍ണ്ണയം ഇനിയും നടത്തിയിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉപഭോക്താക്കളുടെ വീടുകളില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ച് ഇതുവരെ പഠനം നടത്തിയിട്ടില്ല. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ വെളിച്ച വിപ്ലവമാണ് ഇടത് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ സ്മാര്‍ട്ട് മീറ്ററുകളിലൂടെ പരോക്ഷമായി പരാജയം സമ്മതിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

മിനിമം വൈദ്യുതി ചാര്‍ജ് 44 രൂപ ദൈ്വമാസമായി അടച്ചുവരുന്ന കണ്‍സ്യൂമര്‍ പോലും മീറ്റര്‍ വാടകയിനത്തില്‍ ഇപ്പോള്‍ 20 രൂപയാണ് നല്‍കുന്നത്. സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം വരുന്നതോടെ ഇത് 60 രൂപയായി ഉയരും. കുടിശ്ശിക പിരിച്ചെടുക്കുവാനുള്ള അധികാരം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിലെ ഔചിത്യം എന്താണെന്ന് സര്‍ക്കാര്‍ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ജീവനക്കാര്‍ക്ക് ഡി എ, ലീവ് സറണ്ടര്‍ എന്നിവ നല്‍കിവരുന്നത് ദീര്‍ഘകാല കരാര്‍ വ്യവസ്ഥ പ്രകാരമാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കെ എസ് ഇ ബിയ്ക്ക് ബഡ്ജറ്റ് സഹായം ഒരു കാലഘട്ടത്തിലും നല്‍കിയിട്ടില്ല. സ്ഥാപനത്തിന്റെ വരുമാനത്തില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ആനുകൂല്യം വിതരണം ചെയ്യുന്നത്. കെ എസ് ഇ ബി മാനേജ്‌മെന്റ് ഡി എ, ലീവ് സറണ്ടര്‍ വിഷയങ്ങളില്‍ സര്‍ക്കാറിന്റെ അനുമതി തേടി കത്ത് നല്‍കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപനത്തിനും സംസ്ഥാനത്തിനും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ദോഷകരമായ തീരുമാനങ്ങള്‍ നടപ്പാക്കിക്കൊണ്ട് സ്മാര്‍ട്ട് മീറ്ററിലൂടെ ജനദ്രോഹ നയങ്ങള്‍ക്ക് വ്യഗ്രത കാട്ടുന്ന ഇടത് സര്‍ക്കാറിനെതിരെ ബഹുജനപങ്കാളിത്തത്തോടെ തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് ഐ എന്‍ ടി യു സി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *