കോഴിക്കോട് : ഫെബ്രുവരി 27 ന് കംബോഡിയിൽ തലസ്ഥാനമായ നോം പെൻ സിറ്റിയിൽ നടക്കുന്ന ആഗോള ഇസ്‌ലാം – ബുദ്ധ മത സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ സംസ്ഥാന കെ. എൻ എം ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂരിന്ന് ക്ഷണം ലഭിച്ചു.
കംബോഡിയൻ സർക്കാറും മക്കയിലെ ലോകമുസ്ലിം സംഘടനയായ മുസ്ലിം വേൾഡ് ലീഗും (റാബിത്ത ) സംയുക്തമായി സംഘടിപ്പിക്കുന്ന ഉന്നതതല ഉച്ചകോടിയിൽ മുസ്‌ലിം ബുദ്ധ സമുദായങ്ങൾ കൂടുതലും അധിവസിക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം മത പണ്ഡിതന്മാരും നേതാക്കളും പങ്കെടുക്കും.
കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെൻ മാനെറ്റ് ഉദ്ഘാടനം ചെയ്യും . മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രെട്ടരിയും സൗദിയിലെ ഉന്നത പണ്ഡിതസഭ അംഗവുമായ ഡോ. മുഹമ്മദ് അബ്ദുൽ കരീം അൽ ഈസ ചർച്ചക്ക് നേതൃത്വം നൽകും. ബഹുസ്വര സമൂഹത്തിലെസൗഹാർദ്ദപരമായ മതജീവിതം, തീവ്രവാദത്തിന്നെതിരിലുള്ള വിവിധ മത വിഭാഗങ്ങളുടെ ഒന്നിച്ചുള്ള പ്രവർത്തനം തുടങ്ങിയവയാണ് ചർച്ചാവിഷയങ്ങൾ.
കംബോഡിയൻ ജനസംഖ്യയിൽ 97 ശതമാനം ബുദ്ധമതക്കാരാണ്. അയൽ രാഷ്ട്രങ്ങളായ ചൈന, വിയറ്റ്നാം, തായ്ലൻ്റ്, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിലും ബുദ്ധ മതവിശ്വാസികളുടെ എണ്ണം വളരെ കൂടുതലാണ്, മലേഷ്യ ,ഇന്തോനേഷ്യ, ബ്രൂണെ തുടങ്ങിയ കിഴക്കനേഷ്യൻ രാഷ്ട്രങ്ങൾ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ്.
ഈ രാഷ്ട്രങ്ങളിൽ നിന്നുള്ള ബുദ്ധ ഇസ്ലാം മതപണ്ഡിതന്മാർ ഒന്നിച്ചിരുന്ന് ചർച്ച നടത്തുന്ന ഈ ഉച്ച കോടി ഇരു സമുദായങ്ങൾക്കുമിടയിൽ സൗഹാർദ്ദവും സഹകരണവും വർദ്ധിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള മന്ത്രിമാർ, മുഫ്തിമാർ, ബുദ്ധ സംന്യാസിമാർ, പണ്ഡിതന്മാർ തുടങ്ങിയവർ പങ്കെടുക്കും.
നേരത്തെ മക്കയിലെ മുസ്ലിം വേൾഡ് ലീഗിൻ്റെ നേതൃത്വത്തിൽ അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലും ക്രൈസ്തവ , ഹൈന്ദവ, മുസ്ലിം പണ്ഡിതന്മാർ പങ്കെടുത്ത ലോക മത ഉച്ചകോടികൾ ചേർന്നിട്ടുണ്ട്.
മക്കാ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയിൽ നിന്ന് മതതാരതമ്യ പഠനം പ്രത്യേക വിഷയമായി ഉപരിപഠനം നടത്തിയ ഡോ ഹുസൈൻ മടവൂർ നിരവധി മതസൗഹാർദ വേദികളായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. സർവ്വമത സംഘടനയായ ഡൽഹിയിലെ പാർലിമെൻ്റ് ഓഫ് ഓൾ റിലീജ്യൻസ്, ഗ്രേറ്റർ ഇന്ത്യാ മൂവ്മെൻ്റ്, ധർമ്മ രാജ്യവേദി , കേരളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ കമ്യൂണിറ്റി കോഓപ്പററേഷൻ ( CCC ), മലബാർ ഇനിഷേറ്റീവ്സ് ഫോർ സോഷ്യൽ ഹാർമണി (MISH ) എന്നിവയുടെ സ്ഥാപക അംഗമാണ്. ഇന്ത്യയിലും വിദേശത്തും സംഘടിപ്പിക്കപ്പെടുന്ന നിരവധി മതസൗഹാർദ്ദ പരിപാടികളിൽ പങ്കെടുക്കാറുള്ള ഹുസൈൻ മടവൂർ ഉച്ചകോടിയിൽ പങ്കെടുക്കാനായി നാളെ കംബോഡിയിലേക്ക് പുറപ്പെടും.