കോഴിക്കോട്: ജില്ലയിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വീടുകൾ മാലിന്യമുക്ത ‘ഹരിത ഭവനം’ ആക്കുന്ന പ്രവർത്തനങ്ങളെ മുന്നിൽ നിന്നും നയിച്ച, ഈ അധ്യയനവർഷം സർവീസിൽ നിന്നും റിട്ടയർ ചെയ്യുന്ന വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂരിന് ‘ഹരിതപൂർവ്വം’ എന്ന പേരിൽ ജനകീയ യാത്രയയപ്പ് നൽകി. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് സെൻറ് ആൻറണീസ് യുപി സ്കൂളിൽ നടന്ന പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡൻറ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. വൃക്ഷത്തൈകൾ നൽകിക്കൊണ്ട് വൃക്ഷാദരം, ഗാനം ആലപിച്ചുകൊണ്ട് സംഗീതാദരം, കവിത അവതരിപ്പിച്ചുകൊണ്ട് കാവ്യാദരം, പുഷ്പങ്ങൾ നൽകിക്കൊണ്ട് പുഷ്പാദരം തുടങ്ങി വ്യത്യസ്തമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി യാത്രയയപ്പ്. മനോജിന്റെ ഔദ്യോഗിക ജീവിതത്തിലെ സംഭവങ്ങൾ വിവരിക്കുന്ന കൈപ്പുസ്തകം സിറ്റി എഇഒ കെ വി മൃദുല പ്രകാശനം ചെയ്തു. വടയക്കണ്ടി നാരായണൻ രചിച്ച് ഡോ. ദീപ്നാ അരവിന്ദ് സംഗീതം നൽകി ആലപിച്ച മനോജിനെ കുറിച്ചുള്ള ഗാനത്തിന് കലാമണ്ഡലം പ്രശോഭ് രംഗവിഷ്കാരം നൽകി. മാലിന്യമുക്ത നവകേരളം ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ പുഷ്പാദരവും നിറവ് ബനാന ബാങ്ക് ചെയർമാൻ എ പി സത്യനാഥൻ വൃക്ഷാദരവും എൽസി വർഗീസ് കാവ്യാദരവും ഉദ്ഘാടനം ചെയ്തു.
ദേശീയ കർഷക പുരസ്കാര ജേതാവ് കെ ബി ആർ കണ്ണൻ മാജിക് അവതരിപ്പിച്ചു. സരസ്വതി ബിജു കവിത അവതരിപ്പിച്ചു. ഡിഡിഇ സ്റ്റാഫ് സെക്രട്ടറി നൗഷാദ് അലി, ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ, ഖജാൻജിഎം ഷെഫീഖ്, ഹരിത ഭവനം കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ കോഡിനേറ്റർ എം എസ് ജിസ്മ, സുമ പള്ളിപ്രം, ഷജീർഖാൻ വയ്യാനം, കെ കെ ബിനീഷ് കുമാർ, എ കെ ഗ്രിജീഷ്, ഹാഫിസ് പൊന്നേരി, വനമിത്ര പുരസ്കാര ജേതാവ് ദേവിക ദീപക് തുടങ്ങിയവർ സംസാരിച്ചു. മനോജ് മണിയൂർ മറുപടി പ്രസംഗം നടത്തി.
മണിയൂർ സ്വദേശിയായ മനോജ് സേവനം ആരംഭിക്കുന്നത് 1997ൽ മേപ്പയ്യൂർ ജി വി എച്ച് എസ് എസിൽ ചരിത്രാധ്യാപകൻ ആയാണ്. പിഎസ്സിയുടെ ഡിഇഒ പരീക്ഷയിൽ എ വൺ റാങ്ക് നേടി വടകര ഡിഇഒ ആയി. പിന്നീട് തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഡി ഡി ഇ ആയി. തിരുവനന്തപുരം ജില്ലയെ സമ്പൂർണ്ണ ക്ലാസ് റൂം ലൈബ്രറി ഉള്ള ജില്ലയായി പ്രഖ്യാപിക്കാൻ അവിടെ ഡിഡിഇ ആയിരിക്കുമ്പോൾ കഴിഞ്ഞു. സ്റ്റാഫ് റൂം ലൈബ്രറി എന്ന ആശയവും നടപ്പിലാക്കിയിട്ടുണ്ട്. ഗാനങ്ങൾ, കവിതകൾ, കഥകൾ എന്നിവ രചിച്ചിട്ടുണ്ട്. 14 പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നിരവധി കലോത്സവങ്ങൾക്ക് സ്വാഗത ഗാനം രചിച്ചു. അദ്ധ്യാപക കലാ സാഹിത്യ വേദി പുരസ്‌കാരം, കൈരളി അറ്റ്ലസ് പുരസ്‌കാരം, ഹിസ്റ്ററി ആൻഡ് ഫണ്ടമെന്റൽ റീസേർച്ച് ഫൗണ്ടേഷൻ സാഹിത്യ രത്ന പുരസ്‌കാരം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം, അക്ബർ കക്കട്ടിൽ കഥ പുരസ്‌കാരം എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പടം:1. ഡി ഡി ഇ മനോജ് മണിയൂരിന് പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ നൽകിയ ഹരിതപൂർവ്വം യാത്രയയപ്പ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.